NationalNews

ചായവിറ്റ് വളര്‍ന്ന ‘നാലാം ക്ലാസ് രാജാവി’ന്റെ കഥയുമായി നിയമസഭയില്‍ കേജ്‌രിവാൾ;മോദിക്ക് പരിഹാസം

ന്യൂഡൽഹി:മദ്യനയ അഴിമതിക്കേസിൽ ഒൻപതു മണിക്കൂറിലേറെ സിബിഐയുടെ ചോദ്യം ചെയ്യലിനു വിധേയനായതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം കടുപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. നോട്ടു നിരോധനത്തിലൂടെ മോദി രാജ്യത്തെ 20 വര്‍ഷം പിന്നോട്ടു വലിച്ചതായി കേജ്‌രിവാൾ വിമർശിച്ചു. നിരക്ഷരനായ രാജാവ് രാജ്യത്ത് നിരന്തരം പ്രതിസന്ധി സ‍ൃഷ്ടിക്കുകയാണെന്നും കേജ്‍രിവാള്‍ പരിഹസിച്ചു. ‘നാലാം ക്ലാസുകാരൻ രാജാവ്’ എന്ന പേരിൽ കഥ പറയുന്ന രീതിയിലായിരുന്നു മോദിയെ ഉന്നമിട്ടുള്ള കേജ്‍രിവാളിന്റെ വിമർശനവും പരിഹാസവും.

സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചത്തിനു പിന്നാലെ വിളിച്ചു ചേർന്ന ഏകദിന നിയമസഭാ സമ്മേളനത്തിൽ സംസാരിക്കവേയാണ് കേജ്‍രിവാൾ മോദിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്. തനിക്കൊരു കഥ പറയാനുണ്ടെന്ന് നിയമസഭയെ അറിയിച്ച കേജ്‍രിവാൾ, മോദിയെ ഉന്നമിട്ട് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജാവിന്റെ കഥ സഭയിൽ വിവരിച്ചു. എല്ലാവരും രാജാവിന്റെയും രാജ്ഞിയുടെയും കഥ കേട്ടിട്ടുണ്ടാകുമെന്ന് ആമുഖമായി പറഞ്ഞ അദ്ദേഹം, തന്റെ ഈ കഥയിൽ രാജാവ് മാത്രമേയുള്ളൂവെന്നും രാജ്ഞിയില്ലെന്നും വിശദീകരിച്ചു. തുടർന്നായിരുന്നു കേജ്‍രിവാളിന്റെ കഥ പറച്ചിൽ.

മോദിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കോർത്തിണക്കി, പക്ഷേ ഒരിക്കൽപ്പോലും അദ്ദേഹത്തെ പരാമർശിക്കാതെയാണ് കേജ്‍രിവാൾ കഥ പൂർത്തിയാക്കിയത്. പണത്തിനായി അത്യാർത്തിയുള്ള രാജാവ്, അഴിമതിക്കാരനാണെന്നും കേജ്‍‌രിവാൾ വിശദീകരിച്ചു.

കേജ്‍രിവാളിന്റെ കഥയിൽനിന്ന്

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു രാജ്യത്തിന്റെ കഥയാണിത്. ആ രാജ്യത്ത് ദരിദ്ര കുടുംബത്തിൽ ഒരു കുഞ്ഞു ജനിച്ചു. ഇവൻ ഒരിക്കൽ രാജാവാകുമെന്ന് ഒരു ജ്യോതിഷി പ്രവചിച്ചു. എന്നാൽ, തീർത്തും ദരിദ്രകുടുംബത്തിൽ ജനിച്ച മകൻ എങ്ങനെയാണു രാജാവാകുക എന്നായിരുന്നു സാധാരണക്കാരിയായ അമ്മയുടെ സംശയം.

ഈ കുഞ്ഞു വളർന്നു. സമീപത്തെ സ്കൂളിൽ ചേർന്നെങ്കിലും അവനു പഠനത്തിൽ വലിയ താൽപര്യമില്ലായിരുന്നു. അങ്ങനെ ഒരുവിധത്തിൽ നാലാം ക്ലാസ് പാസായ ശേഷം പഠനം അവസാനിപ്പിച്ചു. പിന്നീടു കുടുംബം പുലർത്താൻ റെയിൽവേ സ്റ്റേഷനിലും സമീപത്തെ ഗ്രാമങ്ങളിലും ചായ വിറ്റു. പ്രസംഗങ്ങൾ ആ പയ്യന് വലിയ ഇഷ്ടമായിരുന്നു. മറ്റുള്ള കുട്ടികളെ ഒരുമിച്ചുകൂട്ടി അവൻ സ്ഥിരമായി പ്രസംഗിക്കും. അവർക്ക് ക്ലാസെടുക്കും. ഒരിക്കൽ തുടങ്ങിയാൽ പ്രസംഗം അവസാനിപ്പിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു.

ജ്യോതിഷി പ്രവചിച്ചതുപോലെ ഈ കുഞ്ഞു വളർന്നു രാജാവായി മാറി. പക്ഷേ, വിദ്യാഭ്യാസമില്ലാത്തതായിരുന്നു അദ്ദേഹം നേരിട്ട ഏറ്റവും വലിയ പ്രശ്നം. നിരക്ഷരനായ ആ രാജാവ് തനിക്കു മുന്നിലെത്തുന്ന എല്ലാ ഫയലുകളിലും കണ്ണും പൂട്ടി ഒപ്പിടും. കാരണം അദ്ദേഹത്തിനു ഇംഗ്ലിഷും മറ്റും വായിക്കാനറിയുമായിരുന്നില്ല. മാത്രമല്ല, തന്റെ നിരക്ഷരതയെക്കുറിച്ച് ബോധവാനായിരുന്നതിനാൽ, ഈ ഫയലുകളെക്കുറിച്ച് സംശയങ്ങൾ ചോദിക്കാനും മടിച്ചു.

‘നാലാം ക്ലാസ് രാജാവ്’ എന്ന് വിളിച്ച് നാട്ടുകാർ പരിഹസിച്ചതോടെ വിഷമവൃത്തത്തിലായ രാജാവ്, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമ്പാദിച്ചു. ഒന്ന് ഇരുട്ടിവെളുത്തപ്പോഴേയ്ക്കും രാജാവ് എങ്ങനെയാണ് ഡിഗ്രി നേടിയതെന്ന് അന്ധാളിച്ച ജനം, കാര്യമറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിച്ചു. തന്റെ ഡിഗ്രി അന്വേഷിച്ചവരെക്കൊണ്ട് 25,000 രൂപയുടെ ചെലാൻ അടപ്പിക്കുകയാണ് രാജാവ് ചെയ്തത്.

ഒരിക്കൽ ഒരു കൂട്ടം ആളുകൾ ചേർന്ന് നാട്ടിലെ 500, 1000 രൂപാ നോട്ടുകൾ നിരോധിക്കാമെന്ന് നാലാം ക്ലാസുകാരനായ രാജാവിനോടു പറഞ്ഞു. രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിരക്ഷരനായ രാജാവ് അവരോട് എന്തോ ചോദിച്ചെങ്കിലും അവരുടെ മറുപടി അദ്ദേഹത്തിന് മനസ്സിലായില്ല. ഇതോടെ അദ്ദേഹം അവർ പറയുന്നത് അന്ധമായി വിശ്വസിച്ചു. അങ്ങനെ ഒരു ദിവസം പെട്ടെന്ന് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹം നോട്ടുനിരോധനം പ്രഖ്യാപിച്ചു. ഇതോടെ നാട്ടിലാകെ പ്രശ്നങ്ങൾ ഉടലെടുത്തു. ബാങ്കുകൾക്കു പുറത്ത് ആളുകളുടെ സുദീർഘമായ വരികൾ രൂപപ്പെട്ടു, പണപ്പെരുപ്പം വർധിച്ചു, തൊഴിലില്ലായ്മ കൂടി. രാജ്യത്ത് അഴിമതിയോ ഭീകരവാദമോ പൊടിക്കു പോലും കുറഞ്ഞില്ല. നാലാം ക്ലാസുകാരനായ രാജാവ് ആ രാജ്യത്തെത്തന്നെ നശിപ്പിച്ചു.

അതുപോലെ തന്നെ രാജാവ് ഒരു സംഘം നേതാക്കളുടെ കെണിയിൽ വീണ് മൂന്ന് കറുത്ത ബില്ലുകളിൽ ഒപ്പിട്ടു. ഇതിനെതിരെ ആയിരക്കണക്കിനു കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഏതാണ്ട് 750 പേരോളം മരിച്ചുവീണു. നിരക്ഷരനായ രാജാവ് നിമിത്തം രാജ്യത്ത് പ്രശ്നങ്ങൾ അടിക്കടി വർധിച്ചുവന്നു.

പിന്നീടൊരു ദിവസം രാജാവു ചിന്തിച്ചു, എത്രനാൾ ഇനി ജീവിക്കുമെന്നത് അറിയില്ല, അതിനാൽ വേഗം പണം സമ്പാദിക്കണം. എന്നാൽ സ്വന്തം പേരു ചീത്തയാവാനും പാടില്ല. അങ്ങനെ രാജാവ് തന്റെ ഒരു സുഹൃത്തിനെ വിളിച്ചു. മദ്യഷോപ്പുകൾ, കമ്പനികൾ തുടങ്ങി രാജ്യത്തെ പലതിന്റെയും ടെൻഡർ നിനക്കു തരാം. പേരു നിന്റേതായിരിക്കും നിനക്കു 10 ശതമാനം കമ്മിഷനും തരാം. പക്ഷേ ബാക്കിയെല്ലാം എന്റേതായിരിക്കും.

അങ്ങനെ രണ്ടു പേരും കൂടി രാജ്യം മുഴുവൻ കട്ടുമുടിച്ചു. അവർ ഒരു ബാങ്കിലാണ് ആദ്യം കവർച്ച നടത്തിയത്. ആ ബാങ്ക് ചെയർമാനെ ഭീഷണിപ്പെടുത്തിയ രാജാവ് തന്റെ സുഹൃത്തിന് 10,000 കോടി രൂപ നൽകിയില്ലെങ്കിൽ ബാങ്ക് ചെയർമാനെതിരെ ഫയലുകൾ തുറന്ന് അയാളെ ജയിലിലാക്കുമെന്നു ഭീഷണിപ്പെടുത്തി. അങ്ങനെയങ്ങനെ രാജാവും കൂട്ടുകാരും ബാങ്കുകളിൽ നിന്ന് രണ്ടര ലക്ഷം കോടി രൂപ കവർന്നു.

രാജ്യം വാങ്ങുകയെന്നതായി പിന്നീട് അവരുടെ ലക്ഷ്യം. അതിനായി അവർ ആറു വിമാനത്താവളങ്ങളും കൽക്കരി ഖനികളും തുറമുഖങ്ങളും ഊർജ കമ്പനികളും വാങ്ങി. വൈദ്യുതി നിരക്ക് ഉയർത്തി, ചെറിയ ബിസിനസുകാരെ തോക്കിൻമുനയിൽ നിർത്തി അവരുടെ കമ്പനികളും വാങ്ങി…അങ്ങനെ രാജ്യം മുഴുവൻ നശിപ്പിച്ചു. പണപ്പെരുപ്പമായിരുന്നു ഇതിന്റെയെല്ലാം ഫലം. പെട്രോളിനും പാലിനും സിലിൻഡറിനുമെല്ലാം വില കുതിച്ചുകയറി. ഇതോടെ രാജ്യത്തെ ജനം രാജാവിനെതിരെ ശബ്ദമുയർത്താൻ തുടങ്ങി. തനിക്കെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യാനായിരുന്നു രാജാവിന്റെ ഉത്തരവ്. തനിക്കെതിരെ സംസാരിച്ചവരിൽ കാർട്ടൂണിസ്റ്റ് മുതൽ മാധ്യമപ്രവർത്തകർ വരെ, ഒരു ജഡ്ജിയെപ്പോലും രാജാവ് അറസ്റ്റു ചെയ്ത് ജയിലിലിട്ടു.

ആ രാജ്യത്ത് ഒരു ചെറിയ സംസ്ഥാനമുണ്ടായിരുന്നു, അവിടെ ഒരു മുഖ്യമന്ത്രിയും. ആ മുഖ്യമന്ത്രി വളരെ സത്യസന്ധനായിരുന്നു. ദേശഭക്തനും, അതിലുമുപരി നല്ല വിദ്യാഭ്യാസമുള്ളവനും. തന്റെ നാട്ടുകാരെ എന്നും സേവിച്ച അദ്ദേഹം അവരെ സഹായിച്ചു, വൈദ്യുതി സൗജന്യമാക്കി. എന്നാൽ രാജാവിന് ഇത് ഇഷ്ടമായില്ല. വൈദ്യുതി കമ്പനികളെല്ലാം രാജാവു പിടിച്ചെടുത്തതിനാൽ ഈ മുഖ്യമന്ത്രി വൈദ്യുതി സൗജന്യമാക്കിയാൽ രാജാവിന്റെ ബിസിനസിനെ അത് ബാധിക്കുമെന്നാണ് രാജാവ് കരുതിയത്.

ഇതോടെ സമൂഹത്തിലെ എല്ലാവർക്കും രാജാവ് ഏതുതരക്കാരനാണെന്നു മനസ്സിലായി. അവർ രാജാവിനെ പുറത്താക്കി. പകരം സത്യസന്ധനും ദേശഭക്തനുമായ ആളെ രാജാവിന്റെ പകരക്കാരനാക്കി. അദ്ദേഹം സർക്കാർ രൂപീകരിച്ചു. അതിനുശേഷം ആ രാജ്യം പുരോഗതിയും വികസനവും മാത്രമാണ് കണ്ടത്. അങ്ങനെ രാജ്യം ഒന്നാമതായി.

ഈ കഥയുടെ ഗുണപാഠം എന്തെന്നാൽ, നിങ്ങളുടെ രാജ്യത്ത് എല്ലാം കുഴപ്പത്തിലാണെന്നു കണ്ടാൽ, പണപ്പെരുപ്പം ഉണ്ടായാൽ നിങ്ങളുടെ രാജാവ് വിദ്യാഭ്യാസമില്ലാത്തവനാണോ എന്നതും രാജാവിന് ഒരു കൂട്ടുകാരൻ ഉണ്ടോ എന്നതും പരിശോധിക്കുകയെന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker