തൃശൂർ: കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സന്തോഷിനെ പിടികൂടിയത്.
തുടർന്ന് സന്തോഷിനെ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷിനെ ഐസിയുവിലേക്ക് മാറ്റി. സന്തോഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കിള്ളിമംഗലത്ത് അടയ്ക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽനിന്ന് അടയ്ക്ക മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിന് മർദ്ദനമേറ്റതെന്നാണ് വിവരം. അബ്ബാസിന്റെ വീട്ടിൽനിന്ന് അടയ്ക്ക ചാക്കുകൾ മോഷണം പോകുന്നത് പതിവായിരുന്നു. തുടർന്ന് വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു.
ഇന്നു പുലർച്ചെ രണ്ടു മണിയോടെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മോഷ്ടാവ് വീടിന്റെ പരിസരത്ത് എത്തിയതായി മനസ്സിലായത്. തുടർന്ന് അയൽക്കാരെ വിവരമറിയിച്ച് എല്ലാവരും ചേർന്നാണ് സന്തോഷിനെ പിടികൂടിയത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മതിലിൽനിന്ന് ചാടി സന്തോഷിന് പരുക്കേറ്റതായി നാട്ടുകാർ പറയുന്നുണ്ട്.
പിന്നീട് സന്തോഷിനെ കെട്ടിയിട്ട് മർദ്ദിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രധാനമായും അഞ്ച് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ രണ്ടു പേർ കസ്റ്റഡിയിലാണ്. ചികിത്സയിലുള്ള സന്തോഷ് അവിവാഹിതനാണ്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്.