സത്യമോ അസത്യമോ, വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തി ? ശ്രീനിവാസനെ തള്ളി ധ്യാന്‍
കൊച്ചി:സമീപകാലത്ത് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും ഇക്കാര്യത്തെ പറ്റിയുള്ള ചർച്ചകള്‍ നടന്നു. പ്രിയദർശൻ അടക്കമുള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ.
അച്ഛന് അത് പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ ധ്യാൻ വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നു. ഹിപ്പോക്രസി എന്നാൽ കാപട്യം എന്നാണ് അർത്ഥം. നമ്മൾ പറയുന്നതല്ല പ്രവർത്തിക്കുന്നത്. അതാണ് ഹിപ്പോക്രസി. ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം അതല്ലേയെന്നും ധ്യാൻ ചോദിക്കുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.
ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ
അച്ഛൻ ലാൽ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാൽ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്.
നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയർ ചെയ്തൊരാളാണ് ഞാൻ. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു.
അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ( അച്ഛൻ കള്ളം പറയാറില്ല). അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും. നമ്മൾ ഇഷ്ടപെടുന്ന ആളുകളെ പറ്റി അത് എന്തും ആയിക്കോട്ടെ. നല്ലത് പറയാൻ വേണ്ടി വായ തുറക്കാം.
ഹിപ്പോക്രസി എന്നാൽ കാപട്യം എന്നാണ് അർത്ഥം. ഈ ലോകത്തിലെ എല്ലാവരും കാപട്യം ഉള്ളവരാണ്. നമ്മൾ പറയുന്നതല്ല പ്രവർത്തിക്കുന്നത്. അതാണ് ഹിപ്പോക്രസി. ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം അതല്ലേ. തെരഞ്ഞെടുപ്പ് സമയത്ത് നമ്മളോട് വന്ന് പറയുന്ന കാര്യങ്ങളെല്ലാം അവർ ചെയ്യുന്നുണ്ടോ.
പണ്ടപ്പോഴോ പറഞ്ഞൊരു കാര്യം, അതും അച്ഛനോട് ലാൽ സാർ വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം വന്നിരുന്നിട്ട് (സരോജ് കുമാർ എന്ന ചിത്രത്തിന് ശേഷം അവർക്കിടയിൽ വിള്ളലുണ്ടായിട്ടുണ്ടെന്ന് നമുക്ക് അറിയാം) ഇങ്ങനെ പറയുമ്പോൾ പറഞ്ഞ ആളെക്കാളും കേട്ട ലാൽ സാറിനെക്കാളും വിഷമം നമ്മളെ പോലുള്ള മലയാളികൾക്കാണ്.
ഇവരുടെ സൗഹൃദം അറിയുന്നത് കൊണ്ടാണത്. എന്തായാലും അച്ഛൻ കാരണം എന്റെ അന്നത്തെ ദിവസം പോയി. അതിൽ യാതൊരു മാറ്റവും ഇല്ല. ചിലപ്പോൾ അവർ ഒരുമിച്ചൊരു സിനിമ ഇനി ഉണ്ടാകാം. അത് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തി ?.