ന്യൂഡൽഹി: 12-ാം ക്ലാസിലെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടും ആർഎസ്എസ് നിരോധനത്തെക്കുറിച്ചുമുള്ള ചില ഭാഗങ്ങൾ ഒഴിവാക്കി. ‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യ ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു’, ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ തുടങ്ങിയവയാണ് ഒഴിവാക്കിയത്.
സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഭാഗങ്ങൾ ഒഴിവാക്കിയതാണെന്നും ഈ വർഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നും എൻസിഇആർടി ഡയറക്ടർ ദിനേഷ് സക്ലാനി പറഞ്ഞു. ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രസ്ഥാനം എന്നിവയെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയത് നേരത്തേ വിവാദമായിരുന്നു.
പ്രസക്തമല്ലാത്തതും അധ്യാപകരുടെ സഹായമില്ലാതെ തന്നെ പഠിക്കാൻ സാധിക്കുന്നതുമായ ഉള്ളടക്കങ്ങളാണ് നീക്കിയതെന്നാണ് എൻസിഇആർടിയുടെ വിശദീകരണം.