ന്യൂഡല്‍ഹി: ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗപ്പെടുത്തി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. അനൂപ് ചിത്ക്കരയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് ചാറ്റ് ജിപിടി സംവിധാനം ഉപയോഗപ്പെടുത്തിയത്.
കലാപം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍, കൊലപാതകം, എന്നീ കുറ്റങ്ങള്‍ ചുമത്തി 2020 ജൂണില്‍ അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ചാറ്റ് ജിപിടിയുടെ പ്രതികരണം തേടിയത്. ചാറ്റ് ജിപിടിയില്‍ നിന്ന് ലഭിച്ച മറുപടി പരിശോധിച്ച ശേഷം തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
ക്രൂരമായ ആക്രമണം നടത്തിയവര്‍ക്ക് ജാമ്യം അനുവദിക്കുന്നതിലേ നീതിന്യായ രീതി എന്തെന്നായിരുന്നു കോടതി ജിപിടിയോട് ചോദിച്ചത്. ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട പരാമര്‍ശം കേസിന്റെ മെറിറ്റുമായി ബന്ധമില്ലാത്തതാണെന്നും ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന നീതിന്യായ രീതിയുടെ പൊതുചിത്രം ചൂണ്ടിക്കാട്ടുക മാത്രമാണ് പുതിയ സംവിധാനം ചെയ്തതെന്നും കോടതി വ്യക്തമാക്കി.