ലാഹോര്‍: തോഷഖാന കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് പോലീസ് അദ്ദേഹത്തിന്റെ ലാഹോറിലെ വസതിയിലെത്തി.
കേസുമായി ബന്ധപ്പെട്ട് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സെഷന്‍സ് കോടതി ഇമ്രാനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയിലെത്തിയത്. പഞ്ചാബ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് എത്തിയ സമയത്ത് ഇമ്രാന്‍ വസതിയില്‍ ഇല്ലായിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
അതേസമയം അറസ്റ്റ് തടയുകയെന്ന ലക്ഷ്യത്തോടെ മുഴുവന്‍ പ്രവര്‍ത്തകരോടും ഇമ്രാന്റെ വസതിക്കു മുന്നില്‍ എത്തിച്ചേരാന്‍ പാകിസ്താന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് (പി.ടി.ഐ.) ആഹ്വാനം ചെയ്തിരുന്നു. ഇതോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വസതിക്ക് മുന്നില്‍ ഒത്തുചേര്‍ന്നു. അതേസമയം നടപടികള്‍ പൂര്‍ത്തിയാക്കുന്നപക്ഷം ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
അറസ്റ്റ് തടയുന്നവര്‍ക്കെതിരേ നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വെറുംകയ്യോടെ മടങ്ങിപ്പോവില്ലെന്നും ഇസ്ലാമാബാദ് പോലീസ് മേധാവി അറിയിച്ചു. അറസ്റ്റ് നടന്നാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്ന് പി.ടി.ഐ. ഭീഷണി മുഴക്കി.
ഇമ്രാന് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ വെളിപ്പെടുത്താതെ അനധികൃതമായി വിറ്റതാണ് കേസിന് ആധാരം. നിശ്ചിത തുകയില്‍ കുറവ് മൂല്യമുള്ള സമ്മാനങ്ങള്‍ കൈപ്പറ്റാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് കൈമാറണം. വിലയുടെ 50 ശതമാനം നല്‍കി വാങ്ങണമെന്നിരിക്കെ ഇത് 20 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി പിന്നീട് മറിച്ചുവിറ്റുവെന്നാണ് പോലീസ് കേസ്
കഴിഞ്ഞയാഴ്ച വിചാരണയ്ക്ക് ഹാജരാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇമ്രാന്‍ ഹാജരായിരുന്നില്ല. അതേസമയം ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ഇമ്രാന്റെ അഭിഭാഷകര്‍ അറിയിച്ചു. ഇമ്രാനെ കസ്റ്റഡിയില്‍ എടുക്കാനും മാര്‍ച്ച് ഏഴിന് കോടതിയില്‍ ഹാജരാക്കാനുമാണ് വാറന്റില്‍ പറഞ്ഞിരിക്കുന്നത്.