എറണാകുളം: കളമശേരി പോലീസ് സ്റ്റേഷനിലേക്ക് നടന്ന മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം. ജലപീരങ്കിയുടെ ശക്തിയിൽ ഒരു പ്രവർത്തക അകലേക്ക് തെറിച്ചു വീണു.
പ്രതിഷേധം അതിശക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മൂന്ന് വനിത പ്രവർത്തകർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഒരു യുവതിയുടെ താടിയെല്ലിന് ഗുരുതരമായ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് ഒടുവിൽ വലിയ സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റ പ്രവർത്തകരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു, വനിതാ പ്രവർത്തകർക്കെതിരെ പുരുഷ പോലീസ് ഉദ്യോഗസ്ഥർ അതിക്രമം നടത്തി, യൂത്ത് കോൺഗ്രസ് – കെഎസ്യു പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ മാർച്ചിൽ ഉണ്ടായ ലാത്തിചാർജുമായി ബന്ധപ്പെട്ട പരാതിയിൽ നീതിപൂർവ്വമായ പരിഹാരം ലഭിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു മഹിളാ കോൺഗ്രസ് കളമശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിക്കെതിരെ പോലീസിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ പെരുമാറ്റത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മഹിളാ കോൺഗ്രസ് പ്രതിഷേധം നടത്തിയത്.