ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. റിട്ട.ജസ്റ്റിസ് അഭയ് മനോഹർ സപ്രെ അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്.
രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ബാങ്കിങ് മേഖലയിലെ വിദഗ്ധരായ കെ.വി.കാമത്ത്, ഒ.പി.ഭട്ട്, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി, റിട്ട. ജസ്റ്റിസ് ജെ.പി.ദേവ്ധർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ മുദ്രവച്ച കവറിൽ നൽകിയ പേരുകൾ സ്വീകരിക്കാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അദാനിക്കെതിരായ ആരോപണങ്ങൾ സമിതിയുടെ അന്വേഷണ പരിധിയിലില്ല.
അദാനിക്കെതിരെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം നടത്തും. ഓഹരിവിലയിൽ കൃത്രിമം കാണിച്ചോ എന്നതു സംബന്ധിച്ചാണ് സെബി അന്വേഷണം. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിർദേശിച്ചു.
∙ എന്തിനാണ് സമിതി?
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ഓഹരി നിക്ഷേപകർക്കുണ്ടായ കോടികളുടെ നഷ്ടത്തിൽ കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകർക്കു പരിരക്ഷ നൽകാനുള്ള കാര്യക്ഷമമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധസമിതിയുടെ സാധ്യത ആരാഞ്ഞത്.
സമിതി രൂപീകരണത്തോടു കേന്ദ്രം യോജിച്ചെങ്കിലും സെബി പോലെയുള്ള നിയന്ത്രണ (റെഗുലേറ്ററി) ഏജൻസികൾക്ക് ഒരു സമിതിയുടെ മേൽനോട്ടം ആവശ്യമാണെന്ന സന്ദേശം നിക്ഷേപകർക്കു ലഭിക്കുന്നതു വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചിരുന്നു.