കോഴിക്കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തട്ടിപ്പിൽ വി ഡി സതീശന്റെയും അടൂർ പ്രകാശിന്റെയും പേരും കേൾക്കുന്നുണ്ട്. എല്ലാം പുറത്തുവരട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സർക്കാരിന്റെ മുന്നിൽ വരുന്ന രേഖകൾ നോക്കിയാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം അനുവദിക്കുന്നത്. ഇതിൽ സിപിഎം ചോർത്തി എടുത്തുവെന്നാണല്ലോ ആരോപണം. എന്നാൽ ഇപ്പോൾ പുറത്തു വന്നത് കോൺഗ്രസ് നേതാക്കളുടെ പേരാണല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ഇഡി, സിബിഐ, കോടതി എല്ലാം ആർ എസ് എസ് നിയന്ത്രണത്തിലേക്ക് മാറുകയാണ്. കോഴിക്കോട് എൻ ഐ ടി, ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്ഥാപനവുമായി ധാരണ പത്രം ഒപ്പുവെക്കുന്നത് ആർ എസ് എസ് വത്കരണത്തിന്റെ ഭാഗമാണ്. കോൺഗ്രസ്സും ജമാഅത്തും ലീഗും തമ്മിൽ ലിങ്ക് നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജമാഅത്ത് എന്താണ് ചർച്ച നടത്തിയതെന്ന ചോദ്യം എം വി ഗോവിന്ദൻ ഇന്നും ആവർത്തിച്ചു. കോൺഗ്രസസിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്താൻ സാധിക്കുന്നില്ല എന്നത് പ്രശ്നം തന്നെയാണ്.
മൂന്നു ലക്ഷത്തിലധികം ഭൂരഹിതർക്ക് മൂന്ന് സെന്റ് ഭൂമി കൊടുക്കണം എന്ന് സർക്കാർ തീരുമാനിച്ചതാണ്. ഇവർക്കായി ഭൂമി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. വൻ ആൾകൂട്ടം ആണ് യാത്രയിലെന്നും ജാഥയിൽ ആളുകളെ പങ്കെടുപ്പിക്കാൻ ഭീഷണി പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയ്യിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ജാഥയിൽ പങ്കെടുക്കാൻ ഭീഷണിപ്പെടുത്തിയതായി വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയർന്നിരുന്നു.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്ന സംഭവത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ജയരാജൻ യാത്രയിൽ പങ്കെടുക്കും. ഏപ്രിൽ 18 വരെ സമയമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളുടെ കൈയിൽ നിന്ന് പണം വാങ്ങില്ലെന്ന നിലപാട് പാർട്ടിക്കില്ല. ഇലക്ടറൽ ബോണ്ട് ആണ് എല്ലാ പാർട്ടികളും വാങ്ങുന്നത്. ഹരിസന്റെ കൈയിൽ നിന്നും തെരഞ്ഞെടുപ്പു ഫണ്ട് കൈപ്പറ്റിയ സംഭവത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കി.