മുംബൈ: ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ വ്യവസായിയുമായ ഗൗതം അദാനി രണ്ട് മാസം മുൻപ് വരെ ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ രണ്ടാം സ്ഥാനത്തായിരുന്നു.
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ 24-ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അദാനിയുടെ ആസ്തി 52.4 ബില്യൺ ഡോളറിലേക്കെത്തി. ഫോർബ്സ് റിയൽ-ടൈം ബില്യണയർ സൂചിക പ്രകാരം, വ്യവസായിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്.
യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ച നേരിട്ടു.
അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിന്റെ ആരോപണങ്ങളും റിപ്പോർട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിന്റെ ഓഹരികളിലെ വിപണി പ്രവർത്തനങ്ങളും ഇതിനകം തന്നെ അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി സുപ്രീം കോടതിയെ അറിയിച്ചു.