മൂന്നാർ: കാട്ടാനയെ കണ്ട് പേടിച്ചോടി പരിക്കേറ്റ ഗര്‍ഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. കഴിഞ്ഞ 6നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയില്‍ 13 ഓളം കാട്ടാനകള്‍ ഉണ്ടായിരുന്നതായും ആനയെ കണ്ട് ഓടുന്നതിനിടയില്‍ യുവതിക്ക് പരിക്കോറ്റതാണെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. അംബിക ഏഴു മാസം ഗര്‍ഭിണിയായിരുന്നു.
വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ സ്‌ട്രെച്ചറിയില്‍ ചുമന്നാണ് ജീപ്പിൽ എത്തിച്ചത്. തുടർന്ന് ആംബുലന്‍സില്‍ രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. അംബികയ്ക്ക് മൂന്ന് മക്കളുണ്ട്.
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോഴൊക്കെ ജനങ്ങൾക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേൽ.
ദിവസങ്ങളായി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. തേയിലക്കാട്ടിൽ മൂന്ന് ആനകൾ നിൽക്കുന്നതായി തൊഴിലാളികൾ ഇന്ന് പുലർച്ചെ ശക്തിവേലിനെ അറിയിച്ചു. കാട്ടാനകൾ എത്തുമ്പോഴൊക്കെ രക്ഷകനാകാറുള്ള ശക്തിവേൽ മടിക്കാതെ തേയിലക്കാട്ടിലേക്ക് കയറി. മൂടൽ മഞ്ഞ് കാരണം ആനകളെ കാണാനാകാതെ മുന്നിൽ ചെന്നുപെട്ടു എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ശക്തിവേൽ തിരിച്ച് എത്താതായപ്പോൾ നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ തുടങ്ങി. ഒടുവില്‍ തേയിലക്കാട്ടിനുള്ളിൽ ആനകൾ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ ശക്തിവേലിന്‍റെ മൃതദേഹം കണ്ടെത്തി. വർഷങ്ങളായി കാട്ടാനകളുമായി ഇടപഴകിയിരുന്ന ശക്തിവേലിന്റെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും അവിശ്വസനീയമായി.