മുംബൈ:ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട്. ഇതിനുപിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ്ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരിവില ബുധനാഴ്ച കൂപ്പുകുത്തി. അഞ്ചു ശതമാനം മുതൽ പത്തു ശതമാനം വരെയാണ് ഇടിവ്.
അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോഓൺ പബ്ലിക് ഓഫർ വെള്ളിയാഴ്ച തുടങ്ങാനിരിക്കേയാണ് റിപ്പോർട്ട്. കമ്പനിയുടെ അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് ഹിൻഡെൻബർഗിന്റെ ആരോപണം. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്.
വിപണിയിൽ വലിയ രീതിയിൽ കൃത്രിമത്വം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിൽ പറഞ്ഞുവെക്കുന്നു.മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ മേഖലയിലെ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമത്വം നടത്തുന്നതെന്നാണ് ആരോപണം.
ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതോടെ ഗൗതം അദാനിയുടെ സമ്പത്തിൽ വലിയ ഇടിവുരേഖപ്പെടുത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനി രണ്ടാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കു വീണു. നേരത്തേ 15,280 കോടി ഡോളറിന്റെ ആസ്തിയാണുണ്ടായിരുന്നത് ഇപ്പോൾ 11,900 കോടി ഡോളർ മാത്രമാണ്. 3,380 കോടി ഡോളറിന്റെ കുറവാണ് ഏതാനും ദിവസംകൊണ്ട് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മാത്രം ഏകദേശം 590 കോടി ഡോളറിന്റെ ഇടിവു രേഖപ്പെടുത്തി.
ഹിൻഡെൻബർഗിന്റെ റിപ്പോർട്ട് വസ്തുതാപരമല്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളുടെ വസ്തുതകൾ അറിയാനായി ഒരിക്കൽപ്പോലും ഹിൻഡെൻബർഗിന്റെ പ്രതിനിധികൾ ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടില്ല. ഇത് ദുരുദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങൾ ചേർത്ത് തയ്യാറാക്കിയതാണ്.