ന്യൂഡൽഹി: നേപ്പാളിലെ പൊഖാറയിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ച ഇന്ത്യക്കാരിൽ ഒരാൾ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ് വന്നിരുന്നു. വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാർ കരയുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്.
അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. അവരിലൊരാളായ സോനു ജയ്സ്വാൾ എന്നയാളാണ് വിമാനം തകരുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവിൽ വന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഈ ദൃശ്യങ്ങൾ കാണാം. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയെ പറ്റി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിമാനത്തിനുള്ളിലിരിക്കുന്ന യാത്രക്കാരും താഴെയുള്ള നഗരവും വീഡിയോയിലുണ്ട്. വിൻഡോ സീറ്റിലിരുന്നാണ് ഇത് പകർത്തിയിരിക്കുന്നത്. പെട്ടെന്ന് വിമാനം ചരിയുന്നതും പിന്നീട് തീ കത്തുന്നതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് നാല് ചെറുപ്പക്കാർ വിനോദസഞ്ചാരത്തിനായി നേപ്പാളിൽ എത്തിയത്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ് ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവർ പൊഖ്‌റയിലേക്ക് തിരിച്ചു. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ ഫേസ്‌ബുക്ക് ലൈവ് നൽകുക ആയിരുന്നു ഇവർ. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്
ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള വിമാനത്തിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. വിമാനത്താവളത്തിനടുത്തുള്ള വീട്ടുകാരിൽ ആരോ പകർത്തിയ ദൃശ്യങ്ങളായിരുന്നു അത്. വിമാനം പെട്ടെന്ന് ഇടതുവശത്തേക്ക് ചരിയുകയും തലകീഴായി മറിയുകയും ചെയ്യുന്നത് ആ വീഡിയോയിൽ കാണാമായിരുന്നു.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നിർദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നല്‍കാൻ 45 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. അപകടത്തിന് ഒരു മിനിറ്റ് മുൻപും പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ ആവശ്യമായ കാഴ്ചാപരിധി ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഇതോടെ യന്ത്ര തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് എന്നീ സാധ്യതകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. യതി എയർലൈൻസ് അവരുടെ എല്ലാ സർവീസുകളും നിർത്തിവെച്ച്. ഇന്ന് നേപ്പാളിൽ ഔദ്യോഗിക ദുഃഖാചരണമാണ്. അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് നേപ്പാൾ സൈനിക വക്താവ് സ്ഥിരീകരിച്ചു.