കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബത്തിന്‍റെ പരാതി.
മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 31 നാണ് ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി, ചിക്കന്‍ 65, മയോണൈസ്, സാലഡ് എന്നിവ ഓര്ഡര്‍ നല്‍കിയത്. പിറ്റേന്ന് ദേഹാസ്വാസ്തം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ജുശ്രീയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ഇന്നലെ രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
സംസ്ഥാന വ്യാപകമായി ഇന്നലെ 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചതായും മന്ത്രി അറിയിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോള്‍ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ്വഴക്കം അവസാനിപ്പിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യാ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അതിനാലാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഭക്ഷ്യവിഷബാധയേത്തുടര്‍ന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്സായ രശ്മി മരണപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ഇതിന് ശേഷമാണ് സംസ്ഥാനത്ത് പ്രത്യേക പരിശോധന ആരംഭിച്ചത്.
ഇടുക്കി നെടുങ്കണ്ടത്താണ് ഷവര്‍മ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നെടുങ്കണ്ടം സ്വദേശിയായ ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കും ഏഴു വയസ്സുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.