പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി രാജിവെച്ചു. കോണ്‍ഗ്രസ് വിട്ട എ.വി. ഗോപിനാഥുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം മെമ്പര്‍ സ്ഥാനവും ഒഴിഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഹകരണത്തിലെ തര്‍ക്കമാണ് രാജിക്കിടയാക്കിയത്. തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും പ്രസിഡന്റ് സ്ഥാനത്ത് താന്‍ വിചാരിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നുമാണ് രാധാ മുരളി പറയുന്നത്. കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്നും ഇവര്‍ അറിയിച്ചു. ഗോപിനാഥുമായുള്ള തര്‍ക്കമാണ് തന്റെ രാജിക്ക് കാരണമെന്ന് പ്രത്യക്ഷത്തില്‍ സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
ഡി.സി.സി. ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച രാധാ മുരളി, എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടതിന് ശേഷം അദ്ദേഹത്തിനൊപ്പമായിരുന്നു നിലയുറപ്പിച്ചിരുന്നത്. എന്നാല്‍, പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് എ.വി. ഗോപിനാഥുമായി ഇവര്‍ക്ക് അഭിപ്രായ വ്യാത്യാസമുണ്ടായിരുന്നതായാണ് സൂചന.