പാരീസ്: ഖത്തർ ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ച ഫ്രാൻസ് വൻ തിരിച്ചു വരവാണ് നടത്തിയത്. അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിന് വഴിമാറുകയായിരുന്നു.
റഷ്യൻ ലോകകപ്പിൽ മോഡ്രിച്ചിന്റെ സംഘത്തെ വീഴ്‌ത്തിയ ഫ്രാൻസിന് കടുത്ത വെല്ലുവിളിയാണ് ഖത്തറിൽ കലാശപ്പോരിൽ നേരിടേണ്ടി വന്നത്. 23-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ മെസ്സി ലീഡെടുത്തു. ഫൈനലുകളിലെ പതിവ് പ്രകടനം ആവർത്തിച്ച് ഏയ്ഞ്ചൽ ഡി മരിയ 36-ാം മിനുറ്റിൽ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി കഴിഞ്ഞ് ഇടവേളയ്ക്ക് പിരിയുമ്പോൾ ടാർഗറ്റിൽ ഒരു ഷോട്ട് പോലും എത്തിക്കാനാകാതെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ഫ്രാൻസ്.
ഇടവേളയ്ക്ക് പിരിഞ്ഞ സമയത്ത് ഡ്രസിങ്ങ് റൂമിൽ വെച്ച് സഹതാരങ്ങളെ അഭിസംബോധന ചെയ്ത് എംബപ്പെ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. രണ്ട് ഗോളിന് പിന്നിൽ നിൽക്കുകയാണെങ്കിലും നമുക്ക് ഇനിയും കളി തിരിച്ചുപിടിക്കാനാകുമെന്നാണ് പിഎസ്ജി സൂപ്പർ താരം ഇച്ഛാശക്തിയോടെ പറയുന്നത്. പരിശീലകൻ ദിദിയർ ദെഷാംപ്‌സിന്റെ സാന്നിദ്ധ്യത്തിലായിരുന്നു എംബാപ്പെയുടെ തുറന്നുപറച്ചിൽ
Kylian Mbappe stood up at half time to tell his teammates straight, he demanded more and made sure they listened. pic.twitter.com/p2a8kvyksG
— SPORTbible (@sportbible) December 21, 2022
‘ഇനിയെന്ത് സംഭവിച്ചാലും ഇതിലും മോശമായി നമുക്ക് കളിക്കാനാകില്ല. ഇതൊരു ലോകകപ്പ് ഫൈനലാണ്. ജീവിതത്തിലെ ഏറ്റവും വലിയ മത്സരം. നമ്മൾ കളത്തിലേക്ക് വീണ്ടും ഇറങ്ങുകയാണ്. ഒന്നുകിൽ അവരുടെ കളിക്ക് വിഡ്ഡികളേപ്പോലെ നിന്നു കൊടുക്കുക. അല്ലെങ്കിൽ ആഞ്ഞ് ശ്രമിക്കുക. നമുക്ക് കളി തിരിച്ചുപിടിക്കാനാകും. സുഹൃത്തുക്കളെ, നാല് വർഷത്തിലൊരിക്കലാണ് ഇത് സംഭവിക്കുന്നത്,’ എംബാപ്പെ പറഞ്ഞു.
ഡ്രസിങ് റൂമിൽ പ്രകടിപ്പിച്ച ആത്മവിശ്വാസം എംബാപ്പെ കളിക്കളത്തിലും പുറത്തെടുത്തു. കിങ്സ്ലി കോമാനും കമവിംഗയും പകരമിറങ്ങിയ രണ്ടാം പകുതിയിലാണ് ഫ്രാൻസ് താളം വീണ്ടെടുത്ത് ആക്രമിച്ച് തുടങ്ങിയത്. 80-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ എംബാപ്പെ ആദ്യ ഗോൾ നേടി. തൊട്ടടുത്ത മിനുറ്റിൽ മറ്റൊരു മനോഹര ഗോൾ. അധിക സമയത്ത് മെസ്സി നേടിയ ലീഡിനും എംബാപ്പെ 118-ാം മിനുറ്റിൽ മറുപടി നൽകി. ഷൂട്ടൗട്ടിൽ ലോക കീരീടം നഷ്ടമായെങ്കിലും ഹാട്രിക് നേടി ടീമിന് പരമാവധി നൽകി എംബാപ്പെ തിളങ്ങി. ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുക്കാനെത്തിയ എംബപ്പെ എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
കിരീട നേട്ടത്തിന് ശേഷം അർജന്റൈൻ താരങ്ങൾ എംബപ്പയെ പരിഹസിച്ചത് വിവാദമായിട്ടുണ്ട്. ഡ്രസിങ്ങ് റൂമിലെ ആഘോളവേഷയിൽ ഗോൾ കീപ്പർ മാർട്ടിനെസ് ‘എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം നിശ്ശബ്ദനാകാം’ എന്ന പാട്ട് പാടി. നാട്ടിൽ തിരികെയെത്തിയ ശേഷമുള്ള വിജയാഹ്ലാദ പരിപാടിയിൽ എമിലിയാനോ എംബപ്പെയുടെ മുഖം ഒട്ടിച്ച ബേബി ഡോൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ സമയത്ത് ക്യാപ്റ്റൻ മെസ്സി തൊട്ടടുത്തുണ്ടായിരുന്നു. പി എസ് ജിയിൽ സഹതാരം കൂടെയായ എംബപ്പെയെ കളിയാക്കുന്നത് നോക്കിനിന്നെന്ന പേരിൽ മെസ്സിക്കെതിരേയും വിമർശനമുണ്ട്.
ഫൈനലിന് മുന്നേ തന്നെ എംബപ്പെയ്ക്കെതിരെ മാർട്ടിനെസ് രംഗത്തെത്തിയിരുന്നു. യൂറോപ്യൻ ഫുട്ബോളിന്റെ അത്ര മികവിലേക്ക് ലാറ്റിനമേരിക്കൻ ടീമുകൾക്ക് ഉയരാനായിട്ടില്ലെന്ന എംബപ്പെയുടെ പരാമർശമാണ് മാർട്ടിനെസിനെ ചൊടിപ്പിച്ചത്. എംബാപ്പെയെ തടയുമെന്നും തനിക്ക് ജീവനുണ്ടെങ്കിൽ വല കുലുക്കാൻ ഫ്രാൻസിനെ അനുവദിക്കില്ലെന്നും ഫൈനലിന് മുന്നേ മാർട്ടിനെസ് വെല്ലുവിളിക്കുകയുണ്ടായി.