ഗാസിയാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാൻ ശ്രമിച്ച യുവതി പിടിയിൽ. 13-കാരിയായ മകൾ അമ്മയ്ക്കെതിരെ മൊഴി നൽകിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. മഹേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തി പിടിക്കുന്നത് കണ്ടുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നഴ്സായ കവിത എന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ചെയ്തതും.
ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ വിനയ് ശർമയുമായി കവിതയ്ക്ക് അടുപ്പമുണ്ടായിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായ വിനയ് ശര്‍മയും അറസ്റ്റിലായിട്ടുണ്ട്. ഗ്രേറ്റർ നോയിഡയിലെ ബദൽപൂർ സ്വദേശിയാണ് ശർമ. കവിതയ്ക്കും അവരുടെ രണ്ട് മക്കൾക്കും ഒപ്പം കവി നഗറിലെ ശാസ്ത്രി നഗർ ഏരിയയിലാണ് മഹേഷ് താമസിച്ചിരുന്നത്. എട്ട് വയസ്സുള്ള മകനും 13 വയസ്സുള്ള മകളുമാണ് ഇവര്‍ക്കുള്ളത്.
നവംബർ 30-ന് രാത്രി കവിത മൃതദേഹവുമായി ആശുപത്രിയിലെത്തി മഹേഷ് ആത്മഹത്യ ചെയ്തതായി ഡോക്ടർമാരോടും സഹപ്രവർത്തകരോടും പറഞ്ഞു. പുതപ്പ് ഉപയോഗിച്ച് മഹേഷ് ഫാനിൽ തൂങ്ങിമരിച്ചതാണെന്നായിരുന്ന കവിത പറഞ്ഞത്. ഡോക്ടര്‍മാ മൃതദേഹം പരിശോധിക്കുകയും നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസിനെ അറിയിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതിരിക്കാൻ പരമാവധി കവിത ശ്രം നടത്തുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.
മഹേഷിന് സാമ്പത്തിക പ്രശ്നമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. സ്വന്തമായി വെൽഡിങ് കട നടത്തുകയായിരുന്നു മഹേഷ്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെ 13-കാരിയായ മകളിൽ നിന്ന് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചു. കവിത മഹേഷിന്റെ മുഖത്ത് അമര്‍ത്തുന്നത് കണ്ടതായി പെൺകുട്ടി മൊഴി നൽകി. മുറിയിൽ നിന്ന് കവിത പുറത്തിറങ്ങിയപ്പോൾ മകൾ ഇതേക്കുറിച്ചു ചോദിച്ചതായും മഹേഷിന്റെ വായിൽ ഗുട്ട്ക കുടുങ്ങിയത് എടുക്കുകയായിരുന്നു എന്ന് അവര്‍ മറുപടി പറഞ്ഞതായും പൊലീസ് പറയുന്നു.
തുടര്‍ന്ന് കവിതയെ പൊലീസ് സംഘം ചോദ്യം ചെയ്തു. തമ്മിൽ വഴക്കുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ആദ്യം കവിത അത് നിഷേധിച്ചു. എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശ്വാസം മുട്ടിയാണ് മഹേഷ് മരിച്ചതെന്ന് കണ്ടെത്തി. അതോടൊപ്പം തന്നെ വിനയുമായി കവിത മഹേഷിനെ കൊല്ലാൻ പദ്ധതിയിട്ട ചാറ്റും കണ്ടെത്തി. ഒടുവിൽ കവിത കുറ്റസമ്മതം നടത്തുകയായിരുന്നു. വര്‍ഷങ്ങളായി വിനയുമായുള്ള ബന്ധം മഹേഷ് അറിയുകയും തന്നെ മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നത് പതിവാവുകയും ചെയ്തതുവെന്നും അവര്‍ പറഞ്ഞു. ഒരു ദിവസം വഴക്കുണ്ടായപ്പോൾ മരിക്കുന്നതുവരെ തലയണ മുഖത്ത് അമര്‍ത്തി പിടിക്കുകയായിരുന്നു എന്നും കവിത കുറ്റസമ്മതം നടത്തി. ഇരുവരെയും റിമാൻഡ് ചെയ്തു.