മകളെ കൊല്ലാൻ അമ്മയുടെ ക്വട്ടേഷൻ; പകരം അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

ലഖ്നൗ: മകളെ കൊല്ലാന്‍ യുവാവിന് അമ്പതിനായിരം രൂപയുടെ ക്വട്ടേഷൻ നൽകി അമ്മ. എന്നാൽ തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷനെന്ന് തിരിച്ചറിഞ്ഞ വാടകക്കൊലയാളി ക്വട്ടേഷൻ ഏൽപിച്ച സ്ത്രീയെ തന്നെ കൊന്നു. ഉത്തര്‍ പ്രദേശിലെ ജസ്രത്പുർ സ്വദേശിയായ അൽകാദേവിയാണ് (35) കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ ഏൽപിച്ചയാൾ മകളുടെ കാമുകനാണെന്ന് അൽക്കാദേവി തിരിച്ചറിഞ്ഞിരുന്നില്ല. ഒക്ടോബർ ആറിന് ഇറ്റാവയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിയുള്ള അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അല്‍കാ ദേവിയുടെ പതിനാറുകാരിയായ മകള്‍ ഗ്രാമവാസിയായ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് പെണ്‍കുട്ടി സുഭാഷുമായി അടുപ്പത്തിലായത്. രാത്രി നേരത്തെുള്ള മകളുടെ ഫോൺവിളികൾ കണ്ട് ദേഷ്യപ്പെട്ടാണ് അൽക്കാദേവി ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചത്. സുഭാഷ് സിങ് (38) എന്ന വാടക്കക്കൊലയാളിയെയാണ് മകളെ കൊല്ലാനായി അവർ വിളിച്ച് വരുത്തിയത്. സെപ്തംബര്‍ 27-ന് അമ്പതിനായിരം രൂപ ക്വട്ടേഷൻ തുകയായി നൽകുകയും ചെയ്തു.

വാടകക്കൊലയാളി മകളുടെ കാമുകനാണെന്ന് അല്‍കാദേവി അറിഞ്ഞിരുന്നില്ല. മകളുടെ ചിത്രവും മറ്റ് വിവരവും നല്‍കിയതോടെയാണ് തന്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷൻ ലഭിച്ചതെന്ന കാര്യം സുഭാഷ് അറിയുന്നത്. ഈ വിവരം ഉടനെ പെൺകുട്ടിയെ അറിയിച്ചു. വിവരമറിഞ്ഞ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ സുഭാഷ് കൂറുമാറുകയും പകരം തനിക്ക് ക്വട്ടേഷൻ നൽകിയ അവളുടെ അമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസില്‍ യുവാവിനേയും പെൺകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News