ദോഹ:ഖത്തര്‍ ലോകകപ്പിനെത്തിയ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് കടുത്ത ആശങ്കയോടെയാണ് ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ക്കായി പടയൊരുക്കം നടത്തുന്നത്. ടൂര്‍ണമെന്റില്‍ 2002 മുതലുള്ള ചരിത്രമാണ് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. മുന്‍ ക്യാപ്റ്റന്‍ ദിദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ് വലിയ പ്രതീക്ഷയോടെയാണ് ഖത്തറിലെത്തിയിരിക്കുന്നത്. 2018ല്‍ റഷ്യയില്‍ നടന്ന അവസാന ലോകകപ്പില്‍ ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞായിരുന്നു ഹ്യൂഗോ ലോറിസ് നയിച്ച ഫ്രഞ്ച് പട വിശ്വവിജയികളായത്.
ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ഫൈനലിസ്റ്റുകളായിരുന്ന ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു ഫ്രാന്‍സ് കശാപ്പ് ചെയ്യുകയായിരുന്നു. ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ രണ്ടു ടീമുകള്‍ മാത്രമേ കിരീടം നിലനിര്‍ത്തിയിട്ടുള്ളൂ. ഇറ്റലി, ബ്രസീല്‍ എന്നിവരാണിത്. ഇവര്‍ക്കൊപ്പം എലൈറ്റ് ക്ലബ്ബിലെത്താന്‍ ഫ്രാന്‍സിനു കഴിയുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
2002നു ശേഷം ചാംപ്യന്മാര്‍ക്കു ശാപം 2002നു ശേഷം ചാംപ്യന്മാര്‍ക്കു ശാപം കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയോടെ വന്നിരിക്കുന്ന ഫ്രാന്‍സിന് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല 2002 മുതലുള്ള ചരിത്രം. 2002ലെ ലോകകപ്പ് മുതല്‍ നോക്കിയാല്‍ ചാംപ്യന്‍മാരായിട്ടുള്ള ടീമുകളെല്ലാം തൊട്ടടുത്ത എഡിഷനില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങി പുറത്തായിട്ടുണ്ട്. ജര്‍മയിനാണ് അവസാനത്തെ ഉദാഹരണം.
2014ലെ ജേതാക്കളായിരുന്ന അവര്‍ കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ മടങ്ങുകയായിരുന്നു. അതിനു മുമ്പ് ഇറ്റലി, സ്‌പെയിന്‍ എന്നിവര്‍ക്കും ഇതേ ദുരന്തം നേരിട്ടിരുന്നു.
വില്ലന്‍ ചരിത്രം മാത്രമല്ല ചില പ്രമുഖ താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് ഈ ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതും ഫ്രാന്‍സിനു ക്ഷീണമാണ്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രഞ്ച് മധ്യനിരയിലെ ചടുലമായ സാന്നിധ്യമായിരുന്നു സൂപ്പര്‍ താരം പോള്‍ പോഗ്ബ. ടീമിന്റെ ലോകകപ്പ് വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
പക്ഷെ പരിക്കിനെ തുടര്‍ന്ന് ഈ ലോകകപ്പില്‍ നിന്നും പോഗ്ബ പിന്‍മാറിയിരിക്കുകയാണ്. മധ്യനിരയിലെ മറ്റൊരു മിന്നും താരമായ എന്‍ഗോളോ കാന്റെയും പരിക്കു മൂലം ഇത്തവണ കളിക്കുന്നില്ല.
കളിക്കാര്‍ക്കിടയിലെ ചേരിതിരിവ് കളിക്കാര്‍ക്കിടയിലെ ചേരിതിരിവ് കഴിഞ്ഞ യൂറോ കപ്പിന്റെ സെമി ഫൈനലില്‍ സ്വിറ്റര്‍ലാന്‍ഡിനോടു ഞെട്ടിക്കുന്ന തോല്‍വിയോടെ ഫ്രാന്‍സ് പുറത്തായിരുന്നു. അന്നു ഫ്രഞ്ച് താരങ്ങളായ അഡ്രിയാന്‍ റാബിയറ്റിന്റെ അമ്മ പോള്‍ പോഗ്ബയുടെയും കിലിയന്‍ എംബാപ്പെയുടെയും കുടുംബവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
പോഗ്ബയും എംബാപ്പെയും ആത്മാര്‍ഥതയോടെ കളിക്കാതിരുന്നതാണ് ഫ്രാന്‍സിന്റെ തോല്‍വിക്കു കാരണമെന്നായിരുന്നു അവരുടെ ആരോപണം. ഈ സംഭവം ഫ്രഞ്ച് ടീമിലെ കളിക്കാര്‍ക്കിടയില്‍ ചേരിതിരിവും സൃഷ്ടിച്ചിരുന്നു. ഈ ലോകകപ്പിലും കളിക്കാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഫ്രാന്‍സിന്റെ പ്രകടനത്തൈ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.