ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം കേരളത്തില്‍ വന്‍ ചര്‍ച്ചാവിഷയമായ കാമ്പസ് രാഷ്ട്രീയകൊലപാതകമായിരുന്നു.ഇടുക്കി ജില്ലയിലെ അവികസിത ഗ്രാമമായ വട്ടവടയിലെ പരിമിത സൗകര്യങ്ങളോടു പടവെട്ടി ജീവിച്ച അഭിമന്യുവിന്റെ മരണം നാട്ടുകാര്‍ക്ക് കനത്ത ആഘാതവുമായി.കക്ഷി രാഷ്ട്രീയ ഭേദമെന്യേ നിരവധി പേരാണ് അഭിമന്യുവിന്റെ നാടും വീട്ടുകാരെയും കാണുന്നതിനായി എത്തിയത്.
രാജ്യ സഭാ എം.പി സുരേഷ് ഗോപിയും ഒന്നരവര്‍ഷം മുമ്പ് ഇത്തരത്തില്‍ വട്ടവടയിലെത്തിയെങ്കിലും കളിയും ചിരിയും സെല്ഫിയെടുക്കലുമൊക്കെയായി ആഘോഷമായി മാറി.വട്ടവടയില്‍ നാട്ടുകാരോടൊപ്പം നിന്നെടുത്ത സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലായും മാറി. കടുത്ത വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുകയും ചെയ്തത്.
അന്നത്തെ വിമര്‍ശനങ്ങള്‍ക്ക് ഒരു കോടി രൂപ ചിലവായ കുടിവെള്ള പദ്ധതിയുടെ രൂപത്തിലാണ് സുരേഷ്ഗോപി മറുപടി നല്കിയിരിയ്ക്കുന്നത്.വട്ടവടയിലെ ജനങ്ങളുമായി പ്രദേശത്തെ വിഷയങ്ങള്‍ സംസാരിച്ചപ്പോള്‍ പ്രദേശവാസികളുടെ പ്രയാസങ്ങള്‍ അവര്‍ അദ്ദേഹത്തോട് പറയുകയുണ്ടായി .അതില്‍ ഏറ്റവും പ്രധാനം സ്ഥലത്തെ ശുദ്ധജല ലഭ്യതക്കുറവായിരുന്നു.
കുടിയ്ക്കാനടക്കം മലിനമായ ജലം ഉപയോഗിക്കുന്നതു കൊണ്ട് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ നാടിനെ കീഴടക്കുന്നു എന്നുള്ള നാട്ടുകാരുടെ അവരുടെ ആവലാതി തിരിച്ചറിഞ്ഞ താരം തന്റെ എം.പി.ഫണ്ടില്‍ നിന്നും 80 ലക്ഷം മുടക്കി ശുദ്ധീകരണ പ്ലാന്റ് അടക്കം കുടിവെള്ള പദ്ധതി അവിടെ വച്ച് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പണി പൂര്‍ത്തിയായപ്പോള്‍ ഏതാണ്ട് ഒരു കോടി രൂപ ചിലവ് വന്ന പദ്ധതിയായി മാറി .
സുരേഷ് ഗോപി എംപി യുടെ ഫണ്ടില്‍ നിന്നും 1 കോടിയോളം മുടക്കുമുതലില്‍ നിര്‍മ്മിക്കുന്ന,വട്ടവട കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം, നാളെ കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീഡിയോ കോണ്ഫറന്സ്സിലൂടെ നാടിനു സമര്‍പ്പിയ്ക്കും.