കൊച്ചി ∙ അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ച സംഭവത്തിൽ, ഒടിടി പ്ലാറ്റ്ഫോമിനെതിരെ തിരുവനന്തപുരം സ്വദേശിയായ യുവനടൻ ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരീസ് സംപ്രേഷണം തടയണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പിടിച്ചെടുക്കണം എന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ കരാർ വിവരങ്ങൾ കൈമാറാതെ സീരീസിൽ അഭിനിയിപ്പിച്ചെന്നും തന്റെ ജീവിതം ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവനടൻ ഹൈക്കോടതിയെ സമീപിച്ചത്.
അശ്ലീല വെബ് സീരീസ് ഒടിടി പ്ലാറ്റ്ഫോമിന്റെ നടത്തിപ്പുകാരിയും സീരീസിന്റെ സംവിധായികയുമായ യുവതിക്കെതിരെ നൽകിയ പരാതിയിൽ നേരത്തേ നേമം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. മാധ്യമങ്ങളിലും മറ്റും സംഭവം വാർത്തയായതോടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും സീരീസ് തടയുന്നതിനു നടപടി സ്വീകരിച്ചിട്ടില്ല. നേരത്തേ പ്രഖ്യാപിച്ചിരുന്നതു പോലെ സീരീസ് സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇത് പിൻവലിക്കണം എന്നാണ് യുവനടന്റെ ആവശ്യം.
യുവനടന്റെ പരാതിയിൽ പ്രതിയായ യുവതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഉയർന്നിരുന്നു. സമൂഹത്തിലെ ഉന്നതരുമായി ഇവർക്കുള്ള ബന്ധങ്ങളാണ് പൊലീസിനെ നടപടി എടുക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചതെന്ന് ആരോപണമുണ്ട്. വ്യാജ പേരിലാണ് യുവതി ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. നേരത്തേ കൊച്ചിയും മറ്റു നഗരങ്ങളും കേന്ദ്രീകരിച്ച് ലൈംഗിക തൊഴിൽ ഇടപാട് ഉൾപ്പടെ നടത്തിയിരുന്നെന്നും പറയുന്നു. കൊച്ചിയിൽ ഇത്തരത്തിലുള്ള ഇടപാടു നടത്തുന്ന ചിലരുമായുള്ള ദൃശ്യങ്ങളും പുറത്തു വന്നിരുന്നതായും റിപ്പോർട്ടുണ്ട്.