30 C
Kottayam
Tuesday, May 14, 2024

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി, ഹർജി തള്ളി

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈമാസം 31 ന് ഹാജറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും  സ്വകാര്യ  ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ  തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. 

നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയിട്ടുള്ളത്. തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ അപകീർത്തികരമായ 
ദൃശ്യങ്ങൾ ഐപാഡിൽ ആക്കി ദിലീപിന്‍റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ൽ ഏറെ  അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week