തൃശ്ശൂർ: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നത വിദ്യാഭ്യസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ.
ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ നാളെ തന്നെയും പുറത്താക്കിയേക്കും, പക്ഷെ പറയാതിരിക്കാൻ കഴിയില്ല എന്നും മന്ത്രി ബിന്ദു പ്രതികരിച്ചു.
സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂച്ച് വിലങ്ങു ഇടാനുള്ള തീരുമാനമാണ് ഗവണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.
കേരളത്തിലെ സർവകലാശാലകൾ ഫാസിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാൻ സർക്കാർ. ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സർക്കാർ വൃത്തങ്ങൾ കൂടിയാലോചന തുടങ്ങി. രാജി വയ്ക്കേണ്ടെന്ന് വിസിമാർക്ക് സർക്കാർ നിർദേശം നൽകും.പക്ഷെ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസിൽ നിയമന അധികാരിയായ ഗവർണറും യുജിസി മാനദണ്ഡം നിർബന്ധമാണെന്ന് നിലപാടെടുത്താൽ അവിടെയും രക്ഷയില്ലാതാകും. അതേസമയം വിസിമാർ അന്ത്യശാസനം തള്ളിയാൽ ഗവർണറുടെ അടുത്ത നടപടി നിർണായകമാണ്. വിസിമാരെ പുറത്താക്കി, സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ചുമതല നൽകുക എന്ന കടുത്ത നടപടിയിലേക്ക് ഗവർണർ കടക്കുമോ എന്നതാണ് അറിയേണ്ടത്. എല്ലാ സർവകലാശാലകളിലെയും സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടുത്തിടെ ശേഖരിച്ചിരുന്നു.
രാജി വയ്ക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം. ഇതിനിടെ, സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാർ ഡിജിറ്റൽ സർവകലാശാല വിസിക്ക് കൈമാറി. സുപ്രീംകോടതി സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.
സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.