തിരുനനന്തപുരം: സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എൻ.ഐ.ഐ. 873 പോലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.
ഇവരുടെ ഫോൺ രേഖകൾ ഉൾപ്പെടെ എൻ.ഐ.എ. പരിശോധിച്ചു. സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നതിന് ശേഷവും പോലീസുകാരും നേതാക്കളും തമ്മിൽ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഹർത്താൽ സമയത്ത് പോലീസും നേതാക്കളും ഫോണിൽ ബന്ധപ്പെട്ടെന്നും എൻ.ഐ.എയുടെ കണ്ടെത്തൽ.
പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലീസിന്റെ ഡാറ്റാ ബേസിൽ നിന്ന് ആർ.എസ്.എസ്. പ്രവർത്തകരുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകി. ഇയാളെ പിരിച്ചു വിട്ടിരുന്നു. കോട്ടയത്ത് വനിതാപോലീസ് ഉദ്യോഗസ്ഥ പി.എഫ്.ഐയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായി.
ഇതടക്കമുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് ചില പോലീസ് ഉദ്യോഗസ്ഥർ എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. സിവിൽ ഓഫീസർമാർ മുതൽ മുകളിലുള്ളവർക്ക് വരെ ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ട് എന്നാണ് എൻഐഎയ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഇതിന്റെ രേഖകൾ അടക്കമാണ് സംസ്ഥാന പോലീസ് മേധാവിക്ക് എൻഐഎ കൈമാറിയിരിക്കുന്നതെന്നാണ് വിവരം.