ബെംഗളൂരു: ചൊവ്വാപര്യവേക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ (മംഗള്‍യാന്‍) ഇന്ധനവും ബാറ്ററിയും തീര്‍ന്നതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായി 2013 നവംബര്‍ അഞ്ചിനാണ് 450 കോടി രൂപ ചെലവില്‍ പി.എസ്.എല്‍.വി. സി 25 റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24-ന് ആദ്യശ്രമത്തില്‍ത്തന്നെ ഉപഗ്രഹത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചു. ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറുമാസത്തെ കാലാവധി പ്രതീക്ഷിച്ചാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. എട്ടുവര്‍ഷത്തോളം ഇതിന്റെ സേവനം ലഭ്യമായി.
നിലവില്‍ ഇന്ധനം ബാക്കിയില്ലെന്നും ഉപഗ്രഹത്തിന്റെ ബാറ്ററി തീര്‍ന്നെന്നും ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു. ഐ.എസ്.ആര്‍.ഒ. ഔദ്യോഗികമായി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അടുത്തിടെ തുടര്‍ച്ചയായി ഗ്രഹണങ്ങളുണ്ടാവുകയും ഇതില്‍ ഒന്ന് ഏഴരമണിക്കൂറോളം നിലനില്‍ക്കുകയും ചെയ്തത് ബാറ്ററി വേഗത്തില്‍ തീരുന്നതിനിടയാക്കിയതായാണ് വിലയിരുത്തല്‍. ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്രഹണം കൈകാര്യംചെയ്യുന്ന വിധത്തിലാണ് ഉപഗ്രഹ ബാറ്ററി രൂപകല്പനചെയ്തിരിക്കുന്നത്. അതുകൊണ്ട് ദീര്‍ഘസമയം നീണ്ടുനില്‍ക്കുന്ന ഗ്രഹണം ബാറ്ററിയുടെ ശേഷി ഇല്ലാതാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മംഗള്‍യാന്‍ അതിന്റെ ദൗത്യം കൃത്യമായിചെയ്യുകയും കാര്യമായ ശാസ്ത്രീയഫലങ്ങള്‍ നല്‍കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്, മാര്‍സ് എക്‌സോസ്ഫെറിക് ന്യൂട്രല്‍ കംപോസിഷന്‍ അനലൈസര്‍, മാര്‍സ് കളര്‍ ക്യാമറ, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍ എന്നിവയാണ് മംഗള്‍യാനിലെ ഉപകരണങ്ങള്‍.
മംഗള്‍യാന്‍ പകര്‍ത്തിയ ആയിരക്കണക്കിന് ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഐ.എസ്.ആര്‍.ഒ. ചൊവ്വയുടെ ഭൂപടം തയ്യാറാക്കിയിയിരുന്നു. മംഗള്‍യാനില്‍നിന്നുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങള്‍ ഗവേഷണത്തിന് ഉപയോഗിച്ചുവരുകയാണ്.