31.1 C
Kottayam
Tuesday, May 7, 2024

കോടിയേരിയെ അവസാനമായി കാണാൻ പുഷ്പനും; അന്തിമോപചാരവുമായി കെ. സുധാകരനും കെ.കെ. രമയും,സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്ത്‌  

Must read

തലശ്ശേരി:തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി ഒരു നോക്കു കാണാൻ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ എത്തി. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാനാണു പുഷ്പൻ എത്തിയത്. തളർന്നു കിടക്കുന്ന പുഷ്പനെ പാർട്ടി പ്രവർത്തകർ എടുത്തുകൊണ്ടുവന്നാണു കോടിയേരിയെ കാണിച്ചത്. 

പുഷ്പൻ എത്തിയപ്പോൾ വികാരനിർഭര രംഗങ്ങൾക്കാണ് ടൗൺഹാൾ സാക്ഷ്യം വഹിച്ചത്. കിടന്ന കിടപ്പിൽ പുഷ്പൻ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ മുദ്രാവാക്യങ്ങളുമായാണു പാർട്ടി പ്രവർത്തകർ അതിനോട് അണിചേർന്നത്. ആയിരക്കണക്കിന് ആളുകളാണ് കോടിയേരിയെ അവസാനമായി കാണാൻ ടൗണ്‍ഹാളിലേക്ക് എത്തിയത്.

കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രീയഭേദമന്യേ നേതാക്കളെല്ലാം ഒഴുകിയെത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. കോടിയേരിക്ക് പുഷ്പചക്രം സമർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ എന്നിവർ അടക്കമുള്ള സിപിഎം നേതാക്കളുമായി സുധാകരൻ സംസാരിച്ചു. 

കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും കോടിയേരിക്ക് അന്ത്യാഞ്ജിലി അർപ്പിക്കാൻ ടൗൺഹാളിലെത്തി. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസും ടൗൺഹാളിലെത്തി കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു. ആർഎംപി നേതാവ് കെ.കെ. രമയും ടൗൺഹാളിലെത്തി കോടിയേരിക്കു യാത്രാമോഴിയേകി.

കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.

നേതാവിനെ ഒരുനോക്ക് കാണാൻ ഈങ്ങയിൽപ്പീടികയിലെ വിട്ടിലേക്കും ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ് . വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും.വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും.കണ്ണൂർ, തലശേരി , ധർമ്മടം ,മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താൽ ആചരിക്കുകയാണ്.

വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക.

മുഖ്യമന്ത്രി പിണറായി വിജയൻ പിബി അംഗം, എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു. മണിക്കൂറുകളോളം ടൌൺ ഹാളിൽ കോടിയേരിയുടെ അരികിലിരുന്ന ശേഷമായിരുന്നു നേരത്തെ മുഖ്യമന്ത്രി ടൌൺഹാളിൽ നിന്നും മടങ്ങിയത്. പിന്നീട് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോടിയേരിയിലെ വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാക്കളും എത്തിയത്. അൽപ്പസമയം ബന്ധുക്കൾക്കൊപ്പം ഇരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ അഴീക്കോടൻ സ്മാരകമന്ദിരത്തിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്താണ് സംസ്കാരം. 

ഉച്ചയ്ക്ക് ഒരു മണിയോടെ കോടിയേരിയുടെ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാരും പാർട്ടി നേതാക്കളുമായി നിരവധി പേർ മൃതദേഹം ഏറ്റുവാങ്ങാനായി എത്തിയിരുന്നു. കണ്ണൂർ വിമാനത്താവളം മുതൽ തലശ്ശേരി ടൗൺ ഹാൾ വരെ അക്ഷരാർത്ഥത്തിൽ ജനസാഗരത്തിന് നടുവിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായുള്ള വിലാപയാത്ര നീങ്ങിയത്. കേരളത്തിലെ കരുത്തുറ്റ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവിനെ ഓർത്ത് കണ്ണീർ വാർക്കുകയായിരുന്നു നാട്ടുകാരും പാർട്ടി പ്രവർത്തകരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week