തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി.
ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു.
ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്സിനേഷന് കൊണ്ടുവന്നാൽ 500 രൂപ പാരിതോഷികം നൽകും. തെരുവുനായ്ക്കൾക്ക് ഓറൽ വാക്സിനേഷൻ നൽകാനുള്ള സാധ്യതയും പരിശോധിക്കും. തെരുവുനായ്ക്കളുടെ വാക്സിനേഷനായി 6 ലക്ഷം ഡോസ് ഇപ്പോൾ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ദിവസം പതിനായിരം തെരുവുനായ്ക്കളെ വാക്സിനേഷൻ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുനായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ ഒക്ടോബർ 30നുള്ളിൽ പൂർത്തിയാക്കും. ആവശ്യമെങ്കിൽ ഇതിനായി ക്യാമ്പുകൾ തുടങ്ങും.
നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി നടപ്പിലാക്കാൻ നേരത്തെ കുടുംബശ്രീകളെ നിയോഗിച്ചിരുന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാൻ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും. നിലവിൽ 37 എബിസി കേന്ദ്രങ്ങൾ തയ്യാറാണ്. 152 എണ്ണം കൂടി ഉടൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. എബിസി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും.
കൊവിഡിനെ നേരിട്ട പോലെ തന്നെ, ജനകീയ പങ്കാളിത്തത്തോടെ തെരുവുനായ ശല്യവും നേരിടണമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായി എംഎൽഎമാരുടെ യോഗം ചേരും. നായ്ക്കളുടെ ശല്യം കൂടുതലുള്ള ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകും. മാലിന്യം കുമിഞ്ഞ് കൂടുന്നത് തെരുവുനായ ശല്യത്തിന് പ്രധാന കാരണമാണ്. ഇത് പരിഹരിക്കാൻ ജില്ലാ തലത്തിൽ യോഗം ചേർന്ന് മാലിന്യ നീക്കത്തിന് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിക്കും. മഴയ്ക്ക് ശേഷം മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യും. ഇതിനായി കൊവിഡ് സന്നദ്ധ സേനയെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ. കുട്ടിയെ കടിച്ച നായയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർഡിഡിഎൽ ലാബിലാണ് (ഡിസീസ് ഡയഗ്നോസിസ് ലാബ്) പരിശോധന നടത്തിയത്. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ ആകാശിന് തിരുവോണ നാളിലാണ് തെരുവുനായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് നിൽക്കെയാണ് നായ ആക്രമിച്ചത്. മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് തെരുവുനായ കാരണം വീണ്ടും വാഹനാപകടം. കായംകുളം രണ്ടാംകുറ്റിയിൽ തെരുവ് നായ ഓട്ടോയ്ക്ക് കുറുകെ ചാടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കറ്റാനം സ്വദേശി രാജപ്പനാണ് പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ കുറകെ ചാടി സംസ്ഥാനത്ത് ഇന്ന് അഞ്ച് സ്കൂട്ടര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം അഞ്ചലിലും സമാനമായ അപകടമുണ്ടായി. സ്കൂട്ടറിന് കുറുകേ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
കോഴിക്കോട്ട് കുറ്റ്യാടി വലിയ പാലത്തിന് സമീപത്ത് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കുപറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം വൈക്കത്ത് സ്‌കൂട്ടറിന് കുറുകെ തെരുവ് നായ ചാടി ഉണ്ടായ അപകടത്തിൽ യുവ അഭിഭാഷകനും പരിക്കേറ്റു. വൈക്കം ബാറിലെ അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ വൈക്കം വടക്കേനട കൊച്ചാലും ചുവടുഭാഗത്ത് വെച്ചായിരുന്നു അപകടം. വലത് കാലിന്‍റെ മുട്ടിനും രണ്ടും കൈക്കും നെറ്റിയിലും മൂക്കിനും പരിക്കേറ്റു. അപകടത്തിൽ കാര്‍ത്തിക്കിന്‍റെ രണ്ട് പല്ലും നഷ്ടമായി. മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാർത്തിക്.