മണാലിയില്‍ നിന്ന് ട്രെയിനില്‍ മയക്കുമരുന്ന് കടത്ത്,യുവതിയടക്കം പിടിയില്‍

പാലക്കാട്:  റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും  സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം  ചരസുമായി ഒരു യുവതിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മണാലിയിൽ നിന്നുമാണ്  ചരസ്‌ വാങ്ങിയത്. അത് റോഡ് മാർഗ്ഗം  ദില്ലിയിലെത്തിച്ചു.  അവിടെ നിന്ന്  കേരള എക്സ്പ്രസിൽ തൃശ്ശൂരിലേക്ക് യാത്ര ചെയ്തു. 

പാലക്കാട് ജംഗ്ഷനിൽ എക്സൈസും ആർപിഎഫും ട്രെയിനിൽ നടത്തുന്ന പരിശോധന കണ്ട് ഭയന്ന്  മൂന്നം​ഗ സംഘം ട്രെയിനിൽ നിന്ന് താഴെയിറങ്ങി പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിക്കവേ ആണ് മൂന്നുപേരും പിടിയിലാവുന്നത്.  തൃശ്ശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ റഫീഖ് മകൻ ആഷിക്  (24), തൃശ്ശൂർ  പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ ബാബുവിന്റെ മകൾ അശ്വതി (24 )  തൃശ്ശൂർ  കാര സ്വദേശി പുത്തൻ ചാലിൽ വീട്ടിൽ മുരളിയു‌ടെ മകൻ അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പിടികൂടിയ  ചരസിന് പൊതു വിപണിയിൽ  രണ്ടു ലക്ഷത്തോളം രൂപ വില വരും. ആർപിഎഫ് സിഐ സൂരജ് എസ് കുമാറിന്റെ നേതൃത്വത്തിൽ റേഞ്ച്  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെയ്ത് മുഹമ്മദ്,  ആർപിഎഫ് എഎസ്ഐമാരായ സജി അഗസ്റ്റിൻ, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രമേശ്, ബിജുലാൽ, ആർപിഎഫ് കോൺസ്റ്റബിൾ ശിവദാസൻ,  സീനത്ത് ,  വീണ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News