തിരുവനന്തപുരം: നിയമസഭയിൽ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എംബി രാജേഷ്. ലഭ്യമായ മറുപടികൾ ആണ് നൽകിയത് എന്ന് മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചോദ്യങ്ങൾ ആയതിനാൽ ഒന്നിച്ചുള്ള മറുപടി നൽകിയതാണെന്നും സ്പീക്കര്‍ വിശദീകരണം നൽകി.
വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങൾക്ക് ഒറ്റ മറുപടിയായി നൽകാറുണ്ട്, സോഫ്റ്റ്‌വെയറിൽ ചില തടസങ്ങൾ ഉണ്ട്. പ്രശ്നം സോഫ്റ്റ്‌വെയറിന്‍റെ ആണെന്ന് വ്യക്തമായി. അസാധാരണമായി ഒന്നും ഇല്ല. ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ല. മന്ത്രിയുടെ തെറ്റല്ല സംഭവിച്ചതെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.
പി പി ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം ആവർത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയിൽ ആയിരുന്നു ഇന്നലെ സ്പീക്കറുടെ ഇടപെടൽ. ഈ ശൈലി ആവർത്തിക്കരുത് എന്ന സ്പീക്കരുടെ നിർദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു.
ഈ വിഷയത്തിൽ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങൾക്ക് ആരോഗ്യമന്തി നൽകിയത് ഒരേ മറുപടി എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പരാതി. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാൻ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചു എ പി അനിൽ കുമാർ സ്പീക്കർക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് സ്പീക്കറുടെ കർശന ഇടപെടൽ ഉണ്ടായത്. ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി ആവർത്തിച്ചു നൽകരുത്. ഇത്തരം ശൈലി ഒഴിവാക്കണം എന്നും സ്പീക്കര്‍ അസാധാരണ മുന്നറിയിപ്പ് മന്ത്രിക്ക് നല്‍കി. ഇക്കാര്യത്തിലാണ് ഇന്ന് സ്പീക്കര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.