മുംബൈ: ഫോൺ കോളുകൾ എടുക്കുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധിർ മുംങ്ഗാതിവർ. സർക്കാർ ഉദ്യോഗസ്ഥരടക്കം ഈ രീതി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വൈകാതെ പുറത്തിറക്കും.
ഹലോ ഒരു ഇംഗ്ലീഷ് പദമാണ്, അത് ഉപേക്ഷിക്കണം. വന്ദേമാതരം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അനുഭവിച്ചറിയുന്ന ഒരു വികാരമാണ്. സ്വാതന്ത്ര്യത്തിന്റെ 76-ാം വർഷത്തിലേക്ക് കടക്കുകയാണ്. അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. അതിനാൽ ഉദ്യോഗസ്ഥർ ഹലോ എന്നതിനുപകരം ഫോണിലൂടെ ‘വന്ദേമാതരം’ പറയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്കാരിക വകുപ്പ് ലഭിച്ചതിനു പിന്നാലെയാണ് ബിജെപി മന്ത്രിയായ സുധിർ മുംങ്ഗാതിവറിൻ്റെ പ്രതികരണം.
മഹാരാഷ്ട്രയിൽ മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായി. ആഭ്യന്തരം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രി ദേവേന്ദ്പ ഫഡ്നാവിസിന് ലഭിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നഗരവികസന വകുപ്പ് കൈകാര്യം ചെയ്യും. ഇതിനു പുറമേ പരിസ്ഥിതി, ഗതാഗതം, ദുരന്തനിവാരണം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, റിലീഫ് ആൻ്റ് റിഹാബ് തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുക. നിയമം, പാർപ്പിടം, ഊർജം എന്നീ വകുപ്പുകളും ഫഡ്നാവിസിനാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 18 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.