തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് മിന്നൽ ചുഴലിയിൽ വീടിന്‍റെ മേൽക്കൂര പറന്നു പോയി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു. മേൽക്കൂര പറന്ന് അടുത്തുള്ള സെയിന്‍റ് റാഫേൽ സ്കൂൾ കോമ്പൗണ്ടിൽ വീണു. സ്കൂളിൽ നിരവധി മരങ്ങളും കടപുഴകി. രാവിലെ അഞ്ച് മണിയോടെയാണ് ശക്തമായ കാറ്റ് അടിച്ചത്. ആർക്കും പരിക്കില്ല. തകർന്ന വൈദ്യുത പോസ്റ്റുകൾ കെഎസ്ഇബി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാള അന്നമടയിലും സമാനമായ രീതിയിൽ കാറ്റടിച്ച് വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.
മാളയ്ക്ക് അടുത്ത് അന്നമനടയിലുണ്ടായ ചുഴലിക്കാറ്റിലാണ് കഴിഞ്ഞ ദിവസം കനത്ത നാശം ഉണ്ടായത്. രാവിലെ 5.20-ഓടെയാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റുണ്ടായത്. ശക്തമായ കാറ്റില്‍ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകൾ ശക്തമായ കാറ്റിൽ പറന്ന് പോയി. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. നേരത്തെ തൃശ്ശൂരിലെ കുന്നംകുളത്തും ചാലക്കുടിയിലും സമാനമായ രീതിയിൽ മിന്നൽ ചുഴലിക്കാറ്റ് ഉണ്ടായിരുന്നു. ആറ് വീടുകൾക്ക് കാറ്റിൽ നാശം സംഭവിച്ചുവെന്നാണ് പ്രാഥമിക കണക്ക്.
അന്നമനട പഞ്ചായത്തിലെ പാലശ്ശേരി,എരയാംകുടി പ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ കാറ്റടിച്ചത്. ജാതി, പ്ലാവ്,തേക്ക് അടക്കം ഇരുന്നൂറോളം മരങ്ങളും നൂറോളം വാഴകളും നിലംപൊത്തി. രണ്ട് മാസം മുൻപും അന്നമേട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിൽ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായിരുന്നു. അഞ്ച് മിനിറ്റ് മാത്രമേ ചുഴലിക്കാറ്റ് നീണ്ടുനിന്നുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുലര്‍ച്ചെ സമയമായതിനാൽ പലരും ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ആളുകൾ എഴുന്നേറ്റ് വന്നു നോക്കുമ്പോഴേക്കും സര്‍വ്വനാശം വിതച്ച് കാറ്റ് കടന്നു പോയിരുന്നു. ചാലക്കുടിപ്പുഴ കടന്നു പോകുന്ന പ്രദേശത്താണ് ചുഴലിക്കാറ്റടിച്ചത്. മാസങ്ങളുടെ ഇടവേളയിൽ രണ്ടുതവണ ചുഴലിക്കാറ്റുണ്ടായതോടെ പ്രദേശവാസികൾ ആകെ ആശങ്കയിലാണ്.