FeaturedKeralaNews

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ പനങ്ങാട് സ്വദേശി സഹലാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് സഹലാണ്. കേസില്‍ പത്താം പ്രതിയാണ് സഹല്‍.

മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിന് രാത്രിയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിക്കുന്നത്. ക്യാംപസിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ 16 പ്രതികളില്‍ 14 പേരും നേരത്തെ പിടിയിലായിരുന്നു. ഇപ്പോള്‍ കീഴടങ്ങിയ സഹലിന് പുറമെ ഇനി പന്ത്രണ്ടാം പ്രതിയായ ഷ?ഹീം കൂടിയാണ് പിടിയിലാകാനുളളത്.

കൊവിഡ് ലോക്ക് ഡൗണില്‍ കേരളത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് കേസുകളിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ നിയമോപദേശം തേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിമന്യുവിനെ കുത്തിയ പ്രതി, തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി എന്നിവര്‍ കീഴടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ലോക്ക് ഡൗണിലും കൊവിഡ് കാലത്തും കീഴടങ്ങി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുളള നീക്കമാണ് പ്രതികളുടേത്. കൊവിഡ് റെഡ് സോണിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെങ്കില്‍ 14 ദിവസം ഇവരെ ജയിലിലെ ക്വാറന്റൈന്‍ സെല്ലിലാണ് പാര്‍പ്പിക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button