ചെന്നൈ: രാജ്യസഭാ എം.പി കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയില്‍ സിബിഐ വീണ്ടും റെയ്ഡ് നടത്തി. കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യ വിദേശത്തായതിനാല്‍ നേരത്തെ നടന്ന റെയ്ഡില്‍ ഒരു അലമാര പരിശോധിക്കാന്‍ സാധിച്ചിരുന്നില്ല. അന്ന് പരിശോധിക്കാതിരുന്ന അലമാര പരിശോധിച്ച് റെയ്ഡ് നടപടി പൂര്‍ത്തിയാക്കാനാണ് സിബിഐ സംഘം വീണ്ടുമെത്തിയത്.
വിസ അഴിമതിയുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിനെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തിയത്. തമിഴ്‌നാട് ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ സിബിഐ സംഘം നേരത്തേയും തിരച്ചില്‍ നടത്തിയിരുന്നു.
2001-ല്‍ പി.ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് 50 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി 263 ചൈനീസ് പൗരന്മാര്‍ക്ക് വിസ സംഘടിപ്പിച്ചു നല്‍കിയെന്നാണ് കാര്‍ത്തി ഉള്‍പ്പെട്ട വീസ തട്ടിപ്പ് കേസ്. വിസ കണ്‍സല്‍ട്ടന്‍സി ഫീസ് എന്ന വ്യാജേന മുംബൈയിലെ സ്ഥാപനം വഴി ഇടനിലക്കാരന് 50 ലക്ഷം രൂപ കോഴപ്പണം കൈമാറിയതിന്റെ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു. താല്‍വണ്ടി സാബോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടിയാണ് തട്ടിപ്പുനടത്തിയത്.
2010-നും 2014-നും ഇടയില്‍ നടത്തിയ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിനെതിരേ സിബിഐ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.