രാജപക്‌സെ കപ്പലിൽ നാടുവിട്ടോ?; സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ?
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യംവിട്ടെന്ന അഭ്യൂഹം ശക്തമാകുന്നു. അദ്ദേഹം കപ്പലില്‍ രാജ്യംവിട്ടെന്നു സൂചിപ്പിക്കുന്ന വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ശ്രീലങ്കന്‍ നാവികസേനാ കപ്പലില്‍ തിരക്കിട്ട് സ്യൂട്ട്‌കേസുകള്‍ കയറ്റുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. എസ്എല്‍എന്‍എസ് ഗജബാഹു എന്ന കപ്പലിലേക്ക് മൂന്ന് പേര്‍ ധൃതിയില്‍ സ്യൂട്ട്‌കേസുകള്‍ കയറ്റുന്നതാണ് വീഡിയോയിലുള്ളത്.
എസ്എല്‍എന്‍എസ് സിന്ദുരല, എസ്എല്‍എന്‍എസ് ഗജബാഹു എന്നീ കപ്പലുകളില്‍ കയറിയ സംഘങ്ങള്‍ തീരം വിട്ടതായി കൊളംബോ തുറമുഖ അധികൃതർ അറിയിച്ചതായി ന്യൂസ് 1 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകളില്‍ കയറി യാത്രയായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജപക്‌സെ വെള്ളിയാഴ്ച രാത്രി തന്നെ വസതിയില്‍ നിന്ന് സേനാ ആസ്ഥാനത്തേക്ക് നീങ്ങിയതായി സര്‍ക്കാരിന്റെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
പ്രസിഡന്റിന്റേതെന്ന് തോന്നിക്കുന്ന വാഹനവ്യൂഹം പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാജപക്‌സെ പലായനം ചെയ്തതെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പ്രസിഡന്റിന്റെ ഔദ്യോഗികവസതിയില്‍ പ്രക്ഷോഭകരുടെ ആഹ്‌ളാദാഘോഷങ്ങള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വസതിയിലെ നീന്തല്‍ക്കുളത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെ നീന്തിത്തുടിക്കുന്നതും പ്രസിഡന്റിന്റെ കിടപ്പറയിലും അടുക്കളയിലും ജനങ്ങള്‍ കടന്നതും വീഡിയോകളില്‍ കാണാം.