ആറ്റിങ്ങല്‍: വിദേശത്ത് നിന്നു നാട്ടിലെത്തിയ യുവാവ് വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യയുടെ വീട്ടിലെത്തി സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കിഴുവിലം ചിറ്റാറ്റിന്‍കര ലക്ഷ്മി ഭവനില്‍ താമസിച്ചിരുന്ന മണമ്പൂര്‍ ഒറ്റൂര്‍ സ്വദേശി 33 കാരനായ സുനിലാണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. നാല് മാസം മുമ്പായിരുന്നു ഭാര്യ വിജയലക്ഷ്മിയുമായി സുനില്‍ വിവാഹ മോചനം നേടിയത്. അതിത് ശേഷം ഗള്‍ഫിലേക്ക് പോയ ഇയാള്‍ മെയ് 23 നാണ് ദുബായിയില്‍ നിന്നും തിരിച്ചെത്തി.
ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇന്നലെ ദിവസം രാവിലെ ഭാര്യ താമസിക്കുന്ന കൊടുമണ്‍ കോളനിയിലെ വാടക വീട്ടിലെത്തി പത്ത് വയസുകാരനായ മകന്‍ വിഘ്‌നേശിനെ കണ്ടിരുന്നു. ഉടന്‍ തന്നെ മടങ്ങുകയും ചെയ്തു. വൈകുന്നേരം അഞ്ച് മണിയോടുകൂടി വീണ്ടും ഭാര്യ വീട്ടില്‍ എത്തിയ സുനില്‍ കൈയ്യില്‍ കരുതിയിരുന്ന കന്നാസില്‍ നിന്നു പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് വിജയലക്ഷ്മിയുടെ അച്ഛന്‍ മുരുകന്‍ പറഞ്ഞു. വൈകിട്ട് വീടിനു പിന്നില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് അയല്‍വാസി ബഹളം വച്ചെങ്കിലും തീകൊളുത്തിയിരുന്നു.
വീട്ടിലുണ്ടായിരുന്നവരും അയല്‍ വാസികളും ചേര്‍ന്നു തീയണച്ചുവെങ്കിലും ഈ സമയത്ത് സുനില്‍ മരിച്ചിരുന്നു. കൊവിഡ് 19 സാഹചര്യം പരിഗണിച്ച് മൃതശരീരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് പരിശോധന കഴിഞ്ഞ ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കാനാകൂ. പ്രത്യേകം സജ്ജമാക്കിയ പി.പി കിറ്റ് ഉള്‍പ്പടെയുള്ളവ ധരിച്ചെത്തിയ നഗരസഭാ ആരോഗ്യവിഭാഗത്തിലെ ശുചീകരണ വിഭാഗം ജീവനക്കാരാണ് മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വീടും പരിസരവും നഗരസഭ ആരോഗ്യ വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തു.