സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു

ആലപ്പുഴ: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കോട്ടയം വെച്ചൂര്‍ സ്വദേശിനി രാഖി എന്ന അഹല്യാദേവിയാണു മരിച്ചത്. ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചപ്പോള്‍ രാഖി സ്ട്രെച്ചറില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നു. യുവതിയുടെ മൃതദേഹം തുറവൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം വെച്ചൂരിലെ വീട്ടില്‍ നടത്തും.

ഭര്‍ത്താവും ഒരു കുട്ടിയുമുള്ള രാഖി തണ്ണീര്‍മുക്കത്തെ അമ്മയുടെ വീട്ടില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ആദ്യം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ അരൂരില്‍ ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന ഡ്രൈവര്‍, യുവതിയുടെ പിതാവ്, അമ്മയുടെ സഹോദരന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. പിതാവിനെ തുറവൂര്‍ ആശുപത്രിയിലും അമ്മയുടെ സഹോദരനെ ചേര്‍ത്തല കെവിഎം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News