)
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇന്‍ഡിഗോ എയര്‍പേര്‍ട്ട് മാനേജര്‍ പോലീസിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പച്ചകള്ളമാണ്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിയായ എയര്‍പോര്‍ട്ട് മാനേജര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ നിന്ന് ഇ.പി ജയരാജന്റെ പേര് ഒഴിവാക്കിയതും ദുരൂഹമാണ്. വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെക്കൊണ്ട് മറുപടി പറയിക്കും.
പ്രതിഷേധക്കാരെ തള്ളി നിലത്തിട്ടെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. കുറ്റവാളിയായ ജയരാജനെ രക്ഷിക്കാന്‍ ഇന്‍ഡിഗോ മനേജര്‍ റിപ്പോര്‍ട്ടില്‍ ശ്രമിച്ചിരിക്കുന്നത്. കൊല്ലാന്‍ ശ്രമിച്ചെന്ന് പറയുന്നതും കള്ളത്തരമാണ്. മുഖ്യമന്ത്രി പുറത്ത് പോയതിന് ശേഷമാണ് പ്രതിഷേധം… പ്രതിഷേധം… എന്ന മുദ്രാവാക്യം വിളിച്ചതെന്ന് ഇ.പി.ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചതിന് ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചെന്നും മദ്യലഹരിയില്‍ ആയിരുന്നെന്നുമുള്ള കള്ളം ജയരാജന്‍ പറഞ്ഞത്.
വ്യാജ റിപ്പോര്‍ട്ട് നല്‍കിയ ഇന്‍ഡിഗോ മാനേജര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ട് വിമാന കമ്പനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം ആഭിമുഖ്യമുള്ള അസിസ്റ്റന്റ് കമ്മീഷണറും സി.പി.എം നേതാക്കളും ചേര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്.
സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്ത് വരട്ടെ. രാഹുല്‍ ഗാന്ധിയെ ഇല്ലാത്ത കേസില്‍ മൂന്ന് ദിവസമായി ചോദ്യം ചെയ്യുന്ന അതേ ഇ.ഡിയുടെ കൈവശം സ്വപ്‌ന നല്‍കിയ സത്യവാങ്മൂലമുണ്ട്. എന്നിട്ടും കേരളത്തില്‍ എത്തുമ്പോള്‍ എന്തിനാണ് ഇ.ഡി ചോദ്യം ചെയ്യാന്‍ മടിക്കുന്നത്. സംഘപരിവാറും സി.പി.എം നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ തുടരന്വേഷണം നിലച്ചത്. മൂടിവയ്ക്കപ്പെട്ട മൊഴി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ഇ.ഡി കേരളത്തില്‍ മിത്രങ്ങളെ സംരക്ഷിക്കുന്നു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നതാണ് യു.ഡി.എഫ് ആവശ്യം. നിരപരാധിയാണെങ്കില്‍ മുഖ്യമന്ത്രി നിയമപരമായ വഴികള്‍ തേടാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയുടെ ഓഫീസ് വെപ്രാളവും ബഹളവും കാട്ടി പരിധിവിട്ട് പ്രവര്‍ത്തിക്കുകയാണ്. കേസിലെ പ്രതിയായ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തില്ലായിരുന്നെങ്കില്‍ അദ്ദേഹവും ചിലപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയേനെ. അത്തരമൊരു വെളിപ്പെടുത്തല്‍ ഉണ്ടാകാതിരിക്കാനാണ് ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. ഒരേ കേസിലെ പ്രതികളില്‍ ഒരാള്‍ അകത്തും മറ്റൊരാള്‍ പുറത്തും നില്‍ക്കുകയാണ്.