ജമൈക്കയിലെ ഒരു മൃഗശാലയിലെ സൂക്ഷിപ്പുകാരൻ സിംഹത്തെ ഉപദ്രവിക്കുന്നതും പിന്നാലെ അയാൾ ആക്രമിക്കപ്പെടുന്നതിന്റെയും വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. സന്ദർശകർക്ക് മുന്നിൽ വച്ച് ഗ്രില്ലിനിടയിലൂടെ കൂട്ടിലുള്ള സിംഹത്തിന്റെ വായിൽ വിരലിട്ടു കളിക്കുകയും രോമം പിടിച്ചു പറിക്കുകയുമാണ് ഇയാൾ ചെയ്യുന്നത്.
അൽപ്പനേരം ഇത് തുടർന്നതോടെ സിംഹം വിരൽ കടിച്ചു, മൃഗശാല സൂക്ഷിപ്പുകാരൻ ഏറെ ശ്രമപ്പെട്ട് കൈ വലിച്ചെടുത്തപ്പോഴേക്കും വിരലുകളിലൊന്ന് സിംഹത്തിന്റെ വായിലായിരുന്നു. സന്ദർശകർ ആദ്യം ഇതും ഇരുവരും തമ്മിലുള്ള കളികളാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സൂക്ഷിപ്പുകാരൻ കൈ വലിച്ചെടുത്ത് താഴെ വീണപ്പോഴാണ് കാര്യം ഗൌരവമുളളതാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്.
തന്റെ മോതിരവിരൽ പൂർണ്ണമായും അയാൾക്ക് നഷ്ടപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജമൈക്ക സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് മാനേജിംഗ് ഡയറക്ടർ പമേല ലോസൺ പറഞ്ഞതായി ജമൈക്ക ഒബ്സർവർ റിപ്പോർട്ട് ചെയ്തു. ഇവർ മൃഗശാലയിലെ ജീവികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.