ന്യൂഡൽഹി:രാജ്യത്ത് കൊവിഡിന്റെ നാലാം തരംഗമില്ലെന്ന് വ്യക്തമാക്കി ഐ.സി.എം.ആർ. കൊവിഡ് കേസുകളിൽ നിലവിലുണ്ടാകുന്ന വർദ്ധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐ.സി.എം.ആർ അഡിഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ പറഞ്ഞു. രാജ്യത്ത് ജില്ലാ തലങ്ങളിൽ കൊവിഡ് കണക്കുകളിൽ ചില കുതിപ്പ് കാണപ്പെടുന്നത് ഒരു തരംഗത്തിന്റെ ലക്ഷണമായി കാണാനാകില്ല. രാജ്യത്ത് ചില പ്രദേശത്ത് മാത്രം കാണുന്ന വ്യതിയാനമായി ഇത് ഒതുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.
പ്രാദേശിക തലങ്ങളിൽ മാത്രമാണ് കൊവിഡ് കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നതാണ് തരംഗമില്ലെന്നതിന് ഒരു കാരണം. ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണ് ഈ ഒരു വ്യതിയാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഈ കൊവിഡ് കുതിപ്പ് കാണാനുമില്ലെന്നതാണ് രണ്ടാമത്തെ കാരണം. മൂന്നാമതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കൊവിഡ് കൂടുന്നതിനനുസരിച്ച് ഹോസ്പിറ്റൽ അഡ്മിഷൻ വർദ്ധിക്കുന്നില്ല എന്നതാണ്. ഇത് വരെയും പുതിയ വകഭേദം കണ്ടെത്താനാകാത്തത് നാലാമത്തെ കാരണമായും അദ്ദേഹം വ്യക്തമാക്കുന്നു. ഈ നാല് കാരണങ്ങൾ തന്നെ ഇന്ത്യയിൽ നാലാം തരംഗമില്ലെന്നതിന്റെ ഉദാഹരണങ്ങളാണെന്ന് പാണ്ഡ വിശദീകരിക്കുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,324 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19,092 ആയി. പുതിയ കണക്കുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ ആകെ രോഗബാധിതരുടെ എണ്ണം 4,30,79,188 ആണ്. ഇന്നലെ 40 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5 ,23,843 ആയി. ശനിയാഴ്ച ഡൽഹിയിൽ 1,520 കേസുകൾ റിപ്പോർട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതോടെ രാജ്യം കൊവിഡ് അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഒമിക്രോണിൻ്റെ ബിഎ.4, ബിഎ.5 വകഭേങ്ങളാണ് പടരുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. ജനുവരിയിലാണ് ഇവിടെ നാലാം തരംഗം അവസാനിച്ചത്.
അതേസമയം, ചൈനയിലും കൊവിഡ് ബാധ കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തത് 15,688 കേസുകളാണ്. ബീജിംഗിൽ സ്കൂളുകൾ അടച്ചു. ഉത്തര കൊറിയയുമായുള്ള ട്രെയിൻ സർവീസുകൾ നിർത്തി. ബീജിംഗ്, ഷാങ്‌ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇതോടെ ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീജിംഗിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. ഷാങ്‌ഹായിൽ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്‌ഡൗണിനെതിരെ ജനക്കൂട്ടം തെരുവിലിറങ്ങി.