യാഷ് നായകനായ ചിത്രം കെജിഎഫ്: ചാപ്റ്റര്‍ രണ്ട് തിയറ്ററുകളില്‍ അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ യാഷ് ചിത്രത്തിന്റെ ഡയലോഗ് ഓര്‍മിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ് (Prithviraj).
വയലൻസ്.. വയലൻസ് എന്ന ഡയലോഗിനെ ഓര്‍മിപ്പിച്ചാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, എനിക്ക് നൈറ്റ് ഷൂട്ട് ഇഷ്‍ടമല്ല, ഞാനത് ഒഴിവാക്കും. പക്ഷേ മിസ്റ്റര്‍ ബ്ലസ്സിക്ക് നൈറ്റ് ഇഷ്‍ടമാണ്. അതുകൊണ്ട് എനിക്ക് ഒഴിവാക്കാനാകില്ല എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. ആടുജീവിതം എന്ന സിനിമയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സഹാറാ മരുഭൂമിയിലാണ് ഇപ്പോള്‍ പൃഥ്വിരാജുള്ളത്.
പൃഥ്വിരാജ് ‘ആടുജീവിതം’ സിനിമയുടെ ജോര്‍ദ്ദാനിലെ ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്. പൃഥ്വിരാജും സംഘവും കൊച്ചിയില്‍ 2020 മെയ്‍ 22നായിരുന്നു പ്രത്യേക വിമാനത്തില്‍ എത്തിയത്.
അള്‍ജീരിയയില്‍ നാല്‍പത് ദിവസത്തെ ഷൂട്ടിംഗിനായി പൃഥ്വിരാജ് അടുത്തിടെ പോയിരുന്നു. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് അള്‍ജീരിയയിലേക്ക് യാത്ര തിരിച്ചത്. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജൂണ്‍ മാസത്തോടെ മാത്രമാകും പൃഥ്വിരാജ് തിരിച്ചെത്തുക.
‘നജീബ്’ എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബെന്യാമന്റെ ‘ആടുജീവിതം’ എന്ന നോവലാണ് അതേപേരില്‍ ബ്ലസി സിനിമയാക്കുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രമായി വൈകാതെ റിലീസ് ചെയ്യാനുള്ളത് ‘ജന ഗണ മന’യാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ഷെയര്‍ ചെയ്‍ത ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ രാഷ്‍ട്രീയമായി ഒരു കഥാപാത്രത്തിന്റെ ഡയലോഗ് തെറ്റിദ്ധരിക്കരുത് എന്ന് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ദൃശ്യങ്ങള്‍ ട്രെയിലറിന് ഉപയോഗിച്ചതിനെ കുറിച്ചാണ് പൃഥ്വിരാജ് ആദ്യം അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ആത്മവിശ്വാസമുണ്ട്. സിനിമ നല്ലതാകും എന്ന വിശ്വാസം തീര്‍ച്ചയായിട്ടുമുണ്ട്. സാധാരണ ഒരു സിനിമയിലെ ഹൈലൈറ്റ് ഷോട്ടോകള്‍ പെറുക്കിവെച്ച് റീലുകള്‍ പോലെയുണ്ടാക്കുന്ന ട്രെയിലര്‍ ‘ജന ഗണ മന’യ്‍ക്ക് സാധ്യമല്ലായിരുന്നു. ‘ജന ഗണ മന’യുടെ ഏത് ഷോട്ട് എടുത്താലും തിയറ്ററില്‍ മാത്രം ഡിസ്‍കവര്‍ ചെയ്യേണ്ട ഒരു കാര്യത്തിന്റെ സൂചന അറിയാതെ തന്നുപോകുമോ എന്ന ഒരു പേടിയുണ്ടായിരുന്നു. അത് വേണ്ട എന്ന ഒരു തീരുമാനമുണ്ടായിരുന്നു. അതിനാലാണ് രണ്ടാം ഭാഗത്തിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയത് എന്ന് പൃഥ്വിരാജ് പറഞ്ഞു.
‘ജന ഗണ മന’ പൃഥ്വിരാജ് ഉള്ളതുകൊണ്ടാണോ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് സുരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു. കഥ നല്ലതായിരുന്നു. സംവിധായകനെ നേരത്തെ തന്നെ തനിക്ക് അറിയാം. കഥ കേട്ടപ്പോള്‍ തന്നെ വളരെ ഇൻടറസ്റ്റിംഗ് ആയി തോന്നിയെന്നും സുരാജ് പറഞ്ഞു.
കഥ കേട്ടപ്പോള്‍ ആരാണ് രണ്ടാമത്തെ കഥാപാത്രം ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു. അതിന് ആളായില്ല ചേട്ടാ എന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഒരാള്‍ ഉണ്ട്, ഞാൻ പറയില്ല, ഡിജോ തന്നെ ചോദിക്കൂവെന്ന് അറിയിച്ച് പൃഥിരാജിനെ കുറിച്ച് പറഞ്ഞു. കഥ കേട്ട് വൈകാതെ തന്നെ പൃഥ്വിരാജ് എന്നെ വിളിച്ചു. കഥ കേട്ടു, വളരെ നല്ലതാണ് എന്ന് പൃഥ്വിരാജ് പറഞ്ഞു. ഞാനാണോ നിങ്ങളാണോ പൃഥ്വിരാജ് എന്ന് തന്നോട് ചോദിച്ചതായും സുരാജ് വെളിപ്പെടുത്തി.
നിങ്ങളാണോ ഞാനാണോ പൃഥ്വിരാജ് എന്ന് ചോദിക്കാൻ കാരണം എന്തെന്ന് രാജു വ്യക്തമാക്കി. കുറച്ച് കാലം മുമ്പ് ഈ കഥ കേള്‍ക്കുകയാണെങ്കില്‍ സുരാജ് ചെയ്‍ത കഥാപാത്രത്തിനായി തെരഞ്ഞെടുക്കുക ചിലപ്പോള്‍ എന്നെയായിരിക്കും. ആ റോള്‍ പൃഥ്വിരാജ് ചെയ്‍താല്‍ എന്ന ചിന്തയായിരിക്കും. സുരാജിന്റേത് അങ്ങനത്തെ ഒരു പൊലീസ് ഓഫീസറാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രം സുരാജ് ചെയ്യുമ്പോള്‍ വളരെ വ്യത്യസ്‍തമാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
കഥാപാത്രം പറയുന്ന ഡയലോഗ് സിനിമയുടെ ഉദ്ദേശ്യമാണ് എന്ന് കാണുന്നതിനോട് തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. നടന് പറയാനുളള ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‍മെന്റിനായാണ് അങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്‍മെന്റ്‍സിനായി ഒരു സിനിമ കോടികള്‍ മുടക്കി നിര്‍മിക്കാൻ ഞങ്ങള്‍ ആളല്ല. എന്റര്‍ടെയ്‍ൻമെന്റിനാണ് ഞങ്ങള്‍ സിനിമ ചെയ്യുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജിന് പുതിയ ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രമാണ് എന്നാണ് ട്രെയിലര്‍ സൂചന നല്‍കുന്നത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ഒരിടവേളയ്‍ക്ക് ശേഷമുള്ള തിയറ്റര്‍ റിലീസാണ് ‘ജന ഗണ മന’.
സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.
ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. ‘അയ്യപ്പനും കോശി’യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.