തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയിലെ മാസ് ഡയലോഗുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ഡയലോഗ് ഉത്തര പേപ്പറിലും നിറഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്തയിലെ പത്താം ക്ലാസ് പരീക്ഷകളിലും സിനിമയുടെ സ്വാധീനം പ്രകടമായിരിക്കുകയാണ്. ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതിയ സിനിമാ ഡയലോഗാണ് നെറ്റിസണ്‍സിനെ ചിരിപ്പിക്കുന്നത്.
‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’ എന്ന, ചിത്രത്തിലെ ഡയലോഗാണ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ കുറിച്ചത്. ഈ ഡയലോഗ് ഒഴിച്ച് മറ്റൊന്നും വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതിയിട്ടില്ല. എന്നാല്‍ അധ്യാപകര്‍ വളരെ ആശങ്കയോടെയാണ് വിദ്യാര്‍ത്ഥിയുടെ പ്രവൃത്തിയെ നോക്കിക്കാണുന്നത്. മറുവശത്ത്, സോഷ്യല്‍ മീഡിയയാകട്ടെ സംഭവത്തെ തമാശയെന്ന നിലയില്‍ ആഘോഷിക്കുകയാണ്. നിരവധി പേര്‍ ഉത്തരക്കടലാസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിനിടെ ഉത്തരക്കടലാസ് കണ്ട ഇന്‍വിജിലേറ്ററിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ പല കുട്ടികളും പരീക്ഷ എഴുതാന്‍ വിസമ്മതിക്കുന്നതായി അധ്യാപകര്‍ പറയുന്നു.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്. ഫഹദിന്റെ തെലുങ്കുവിലെ അരങ്ങേറ്റ ചിത്രമാണിത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പോലീസ് ഓഫീസറെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിച്ചത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.