ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ പ്രമുഖ നടന്‍ അല്ലു അര്‍ജുന് പിഴചുമത്തി ഹൈദരാബാദ് പോലീസ്. അല്ലു അര്‍ജുന്റെ വാഹനമായ എസ്യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ഈടാക്കിയത്. 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വാഹനത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ടിന്റഡ് ഗ്ലാസും സണ്‍ ഫിലിമും ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈദരാബാദ് പൊലീസ് കര്‍ശന നടപടി കൈക്കൊണ്ടത്. കറുത്ത നിറമുള്ള ജനല്‍ ഷീല്‍ഡുകളാണ് താരത്തിന്റെ കാറില്‍ ഉപയോഗിച്ചിരുന്നത്.
സൂപ്പര്‍ ഹിറ്റായ പുഷ്പ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു അര്‍ജുന്‍ ആരാധകര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് പുഷ്പ റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത ലുക്കിലാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തിയറ്ററില്‍ മികച്ച പ്രതികരണം നേടിയ പുഷ്പ ആമസോണ്‍ പ്രൈമിലൂടെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്.
മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനാണ് അല്ലു അര്‍ജുന്‍. കേരളത്തില്‍ ധാരാളം അല്ലു അര്‍ജുന്‍ ഫാന്‍സ് ക്ലബ്ബുകള്‍ സജീവമായി നിലവിലുണ്ട്. വിജേത എന്ന ചിത്രത്തില്‍ ബാലതാരമായാണ് അല്ലു അര്‍ജുന്റെ സിനിമാ പ്രവേശനം. അമ്മാവനായ ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അര്‍ജുന്‍ അഭിനയിച്ചിരുന്നു. അല്ലുവിന്റെ ആര്യ, ബണ്ണി, കൃഷ്ണ തുടങ്ങിയ മൊഴിമാറ്റ ചിത്രങ്ങള്‍ കേരളത്തില്‍ ഹിറ്റായിരുന്നു.