’16 വര്‍ഷത്തെ നുണകള്‍ക്കൊടുവില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ തനിച്ചാക്കി വീടുവിട്ടിറങ്ങി…’; അസാധാരണ ജീവിത കഥ പറഞ്ഞ് യുവതി
പ്രണയ വിവാഹം ജീവിതത്തില്‍ കയ്പേറിയ അനുഭവങ്ങള്‍ സമ്മാനിച്ചപ്പോഴും മക്കളെ ഓര്‍ത്ത് വര്‍ഷങ്ങളോളം സഹിച്ച് മുന്നോട്ട് പോയി, പിന്നീട് ഒരു ഘട്ടത്തില്‍ ഭര്‍ത്താവുമായുള്ള ജീവിതം ഉപേക്ഷിച്ച് പെരുവഴിയിലേക്കിറങ്ങുകയും ചെയ്ത യുവതിയുടെ അസാധാരണ ജീവിത കഥയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ യുവതി തന്നെയാണ് തന്റെ അനുഭവ കഥ പങ്കുവെച്ചത്. ആ കഥ ഇങ്ങനെ:
ഞാനും പങ്കജും ബാല്യകാല സുഹൃത്തുക്കളായിരുന്നു. സൗഹൃദം പ്രണയമായി മാറി. പക്ഷേ ഞങ്ങള്‍ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍, ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളുടെ ബന്ധത്തെ അംഗീകരിച്ചില്ല. പ്രണയമായിരുന്നു വലുതെന്ന് ചിന്തിക്കുന്ന പ്രായമായിരുന്നു ഞങ്ങള്‍ക്ക്. അങ്ങനെ 21-ാം വയസ്സില്‍ ഞങ്ങള്‍ ഒളിച്ചോടി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഭാഗ്യവശാല്‍, അവന്റെ കുടുംബം ഞങ്ങളെ സ്വീകരിച്ചു. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി.
ആദ്യമൊക്കെ കാര്യങ്ങള്‍ അടിപൊളി ആയി മുന്നോട്ട് പോയി. ഏറ്റവും സ്‌നേഹമുള്ള ഭര്‍ത്താവായിരുന്നു പങ്കജ്. ഒരു വര്‍ഷത്തിനുള്ളില്‍, ഞങ്ങള്‍ക്ക് സുന്ദരിയായ ഒരു മകള്‍ പിറന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ കുഞ്ഞും പിറന്നു. വര്‍ഷങ്ങള്‍ കടന്നുപോയി, പങ്കജ് വല്ലാതെ മാറി. കുടുംബത്തെ നോക്കാതെ ആയി, പൂര്‍ണമായും ഒരു മദ്യപാനി ആയി മാറി. മദ്യപിക്കുന്നതിനെ ചൊല്ലി ഞങ്ങള്‍ ഒരുപാട് വഴക്കിടാന്‍ തുടങ്ങി. ചോദിക്കുമ്പോഴൊക്കെ ‘അടുത്ത ദിവസം’ നിര്‍ത്തുമെന്ന് വെറുതെ പറയും. പക്ഷേ ആ ‘അടുത്ത ദിവസം’ ഒരിക്കലും വന്നില്ല.
വര്‍ഷങ്ങളോളം ഞങ്ങള്‍ ജീവിച്ചത് രണ്ട് പേരുടെയും മാതാപിതാക്കളുടെ പണം കൊണ്ടായിരുന്നു. എന്നാല്‍, വളര്‍ന്നുവരുന്നത് രണ്ട് പെണ്‍കുട്ടികള്‍ കൂടി ആയതിനാല്‍ നിലനില്‍പ്പ് വളരെ കഷ്ടത്തിലായി. എന്നിട്ടും പങ്കജ് മദ്യപാനം അവസാനിപ്പിച്ചില്ല. സൂര്യന്‍ അസ്തമിക്കുന്ന സമയം മുതല്‍ പങ്കജ് മദ്യപാനം ആരംഭിക്കും. എന്റെ പെണ്‍മക്കള്‍ വളര്‍ന്ന് വരേണ്ട ചുറ്റുപാട് ഇതല്ലെന്ന് ഞാന്‍ മനസിലാക്കി. 16 വര്‍ഷം നീണ്ട നുണകള്‍ക്കൊടുവില്‍ ഞാന്‍ പങ്കജിനെ തനിച്ചാക്കി വീടുവിട്ടിറങ്ങി. മക്കളെ കൂടെ കൂട്ടി. അത് കഠിനമായ തീരുമാനമായിരുന്നു. പ്രത്യേകിച്ചും പങ്കജ് ഞങ്ങളെ സ്‌നേഹിക്കുന്ന ഒരു അവസ്ഥയില്‍. എന്നാല്‍, സ്‌നേഹം മാത്രം പോരല്ലോ ജീവിക്കാന്‍. സ്‌നേഹം ഒരിക്കലും വിശക്കുന്ന വയറിന് പരിഹരാമാകില്ലല്ലോ. അങ്ങനെ എന്റെ പെണ്മക്കളുടെ ഭാവിയോര്‍ത്ത് ഞാന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിനടന്നു.
ഞങ്ങള്‍ ഏതാനും ആഴ്ചകള്‍ എന്റെ സഹോദരിയോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് എനിക്ക് ജോലി ലഭിച്ചപ്പോള്‍, ഒരു ചെറിയ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്തു. ടാരറ്റ് കാര്‍ഡ് റീഡിംഗ്, ബിഹേവിയറല്‍ തെറാപ്പി എന്നിവയെ കുറിച്ച് പഠിപ്പിക്കുന്ന ചെറിയ ഒരു കോഴ്സിന് ചേര്‍ന്നു. ആ വര്‍ഷങ്ങള്‍ കഠിനമായിരുന്നു, പക്ഷേ ഒരു ടീമെന്ന നിലയില്‍ ഞാനും എന്റെ പെണ്‍മക്കളും ഒരുമിച്ച് അതിനെ അതിജീവിച്ചു. ഇളയ മകള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ മൂത്ത മകള്‍ നൃത്തസംവിധായകയായി. എന്റെ വേര്‍പിരിയലിനു ശേഷമുള്ള 11 വര്‍ഷങ്ങളില്‍, ഞങ്ങള്‍ 3 പേരും ഞങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനമായി പരിശ്രമിച്ചു.
അപ്പോഴാണ് പങ്കജ് മരിച്ചുവെന്ന വാര്‍ത്ത ഞാനറിയുന്നത്. കരള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. അത് ഞങ്ങളെ വല്ലാതെ ഉലച്ചു. ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും, എന്റെ പെണ്‍മക്കള്‍ അവരുടെ പിതാവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്ന് ഞാന്‍ ഉറപ്പാക്കിയിരുന്നു. പങ്കജിന്റെ മരണം എന്നെയും ബാധിച്ചു. എന്റെ മാനസികാരോഗ്യം തകര്‍ന്ന നിലയിലായിരുന്നു.
അപ്പോഴാണ് ഞാന്‍ മണ്ഡലി എന്ന പേരില്‍ ഒരു മാനസികാരോഗ്യ സഹായ ഗ്രൂപ്പ് ആരംഭിച്ചത്. ഓരോ 15 ദിവസത്തിലും, ഞങ്ങള്‍ മുംബൈയിലുടനീളം ഭക്ഷണത്തെക്കുറിച്ച് ഒരു ചികിത്സാ സെഷന്‍ നടത്തി. പ്രതികരണം ഗംഭീരമായിരുന്നു. ഒരിക്കല്‍, ഒരു സെഷനുശേഷം, ഒരു ആണ്‍കുട്ടി 3 വര്‍ഷമായി താന്‍ സംസാരിച്ചിട്ടില്ലാത്ത പിതാവുമായി വീണ്ടും അടുത്തു. ഭക്ഷണത്തിന്റെയും ചികിത്സയുടെയും ശക്തി ഇതായിരുന്നു. കോവിഡ് സമയത്ത്, മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങി, ഞാന്‍ ട്രപ്-മാ കെ ഹാത് കാ ഖാനാ എന്ന പേരില്‍ എന്റെ ക്ലൗഡ് കിച്ചണ്‍ ആരംഭിച്ചു. ഞങ്ങള്‍ വീട്ടുജോലിക്കാരെ നിയമിക്കുകയും അവരുടെ ഭക്ഷണം നഗരത്തിലുടനീളം വിതരണം ചെയ്യുകയും ചെയ്തു.
ഇന്ന്, എന്റെ പെണ്‍മക്കള്‍ സ്വയം ജോലി ചെയ്യുന്നു. ഒരാള്‍ കാനഡയില്‍ പഠിക്കുന്നു, മറ്റൊരാള്‍ എന്റെ ബിസിനസ്സില്‍ എന്നെ സഹായിക്കുന്നു. ജീവിതത്തില്‍ ഒരു ദിവസം പോലും ജോലി ചെയ്യാത്ത ഒരു സ്ത്രീ എന്ന നിലയില്‍ നിന്ന് ഇപ്പോള്‍ സ്വന്തം ബിസിനസ്സ് നടത്തുന്ന ഒരാളിലേക്ക് ഞാന്‍ മാറിയിരിക്കുന്നു. അതിനാല്‍, ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഒരു ചോയ്സ് ഉണ്ടെന്നും നിങ്ങള്‍ക്കായി ഒരു മികച്ച ജീവിതം തിരഞ്ഞെടുക്കാന്‍ ഒരിക്കലും വൈകില്ലെന്നുമാണ്.