കോഴിക്കോട്: വേനല്‍ചൂട് കൂടുതല്‍ കനക്കുന്നു. പകല്‍ സമയത്തു പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധത്തില്‍ ചൂട് വര്‍ധിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ലെങ്കിലും ഓരേ ദിവസവും ചൂട് കുടിവരികയാണ്. വേനല്‍മഴ കിട്ടിയല്ലെങ്കില്‍ ചൂടിന്റെ അളവ് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഇന്നും നാളെയും സംസ്ഥാനത്തു മൂന്നുഡിഗ്രി ചൂട് കൂടുമെന്നാണ് പ്രവചനം. 37 ഡിഗ്രി മുതല്‍ 39 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാനാണ് സാധ്യത.
സാധാരണ മേയ് മാസത്തിലാണ് ഇത്രയേറെ ചൂട് അനുഭവപ്പെടാറുള്ളത്. 34 മുതല്‍ 36 വരെ ഡിഗ്രി ചൂടാണ് മാര്‍ച്ച് മാസത്തില്‍ ഉണ്ടാകാറുള്ളത്. ഇത്തവണ നേരത്തെയാണ് ചൂട് ഇത്രയേറെ വര്‍ധിച്ചത്. ഈ തോതില്‍ പോയാല്‍ മേയ് മാസത്തില്‍ താങ്ങാന്‍ പറ്റാത്ത ചൂടായിരിക്കും ഉണ്ടാവുക. ഉത്തരേന്ത്യയില്‍നിന്നുള്ള ചൂട് കാറ്റ് അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നതാണ് സംസ്ഥാനത്തു ചൂട് കൂടാന്‍ കാരണം.
മലപ്പുറം ജില്ലയിലെ തീരപ്രദേശമല്ലാത്ത ഭാഗങ്ങള്‍, പാലക്കാട്, തൃശൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് രണ്ടു ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് ഉണ്ടാവുക. രണ്ടു ദിവസം കഴിഞ്ഞാല്‍ വേനല്‍മഴ കിട്ടുമെന്നാണ് പ്രവനം.കോഴിക്കോട്ട് ഞായറാഴ്ച 36 ഡിഗ്രിയാണ് ചൂട് അനുഭവപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കോഴിക്കോട് ജില്ലയിലെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് 65 ശതമാനമാണ്.
ചൂട് കൂടിയതോടെ തൊഴിലാളികള്‍ക്കു പകല്‍ ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. പ്രത്യേകിച്ച് റോഡ് പണി, വാര്‍ക്കപണി, ചുമട്, കെട്ടിട നിര്‍മാണം, കൃഷിപ്പണി പോലുള്ള മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്. പതിനൊന്നു മുതല്‍ മുന്നു വരെ താങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള ചൂടിനാണ് സാധ്യത. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്നവരും ചുമട്ട് തൊഴികളികളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അത് അനുസരിക്കുകയും ചെയ്യണം.
- പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യ്വപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- നിര്‍ജലീകരണം തടാന്‍ എപ്പോഴും ഒരു കുപ്പി വെള്ളം കൈയില്‍ കരുതുക. ഇടക്കിടെ വെള്ളം കുടിക്കുക.ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക
- പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ഉപയോഗിക്കുക.
- കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
- അയഞ്ഞ, ലൈറ്റ് കളര്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- വിദ്യാര്‍ഥികളുടെ പരീക്ഷാകാലമായതിനല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുമ്പോള്‍ രാവിലെ പതിനൊന്നിനും വൈകിട്ട് മുന്നിനുമിടയ്ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
- അങ്കണ്‍വാടി കുട്ടികള്‍ക്ക് ചൂടേല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതതു ഗ്രാമപഞ്ചായത്ത് അധികൃതരം അംഗന്‍വാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം
- പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗക്കാര്‍ പകല്‍ 11 മുതല്‍ മുന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗക്കാര്‍ക്ക് എളുപ്പത്തില്‍ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യത കുടുതലാണ്.
- ലേബര്‍ കമ്മിഷണര്‍ തൊഴില്‍സമയം ക്രമീകരിച്ചു പുറത്തിറക്കുന്ന ഉത്തരവിനോടു തൊഴില്‍ദാതാക്കളും തൊഴിലാല്‍ളും സഹകരിക്കേണ്ടതാണ്.
- ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം നടത്തുന്നവര്‍പകല്‍ 11 മുതല്‍ മൂന്നുവരെ സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.
- യാത്രയില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര ചെയ്യുന്നതാണ് നല്ലത്. കൈയില്‍ കുടിവെള്ളം കരുതണം. കഠിനമായ ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പുവുരത്തണം.