12 വയസു മുതലുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ വാക്സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ മറ്റന്നാള്‍ തുടങ്ങും. അറുപതു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മറ്റന്നാള്‍ മുതല്‍ കരുതല്‍ ഡോസ് നല്‍കാനും തീരുമാനമായി. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്സിനേഷനാണ് മറ്റന്നാള്‍ തുടക്കം കുറിക്കുക.

ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്സ് ആണ് ഈ പ്രായത്തിലുള്ളവര്‍ക്കു നല്‍കുക. അറുപതു വയസ്സിനു മുകളിലുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നല്‍കിവരുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.ഈ വര്‍ഷം ജനുവരി പത്തു മുതലാണ് രാജ്യത്ത് കോവിഡ് വാക്സിന്‍ കരുതല്‍ ഡോസ് നല്‍കിവരുന്നത്.

കേരളത്തില്‍ ഇന്നലെ 885 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 8846 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 4 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 9 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,808 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 826 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1554 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 196, കൊല്ലം 103, പത്തനംതിട്ട 101, ആലപ്പുഴ 120, കോട്ടയം 149, ഇടുക്കി 12, എറണാകുളം 290, തൃശൂര്‍ 125, പാലക്കാട് 23, മലപ്പുറം 51, കോഴിക്കോട് 195, വയനാട് 73, കണ്ണൂര്‍ 89, കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 8846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,44,624 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News