തിരുവനന്തപുരത്ത് എട്ടു മാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു; ഭാഗ്യ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ അമിത മദ്യപാനം സഹിക്കാനാവാതെ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയില്‍ എട്ടു മാസം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ 21കാരിയായ ഭാഗ്യയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മദ്യപിച്ചതില്‍ മനംനൊന്താണ് ഭാഗ്യ ജീവനൊടുക്കിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗര്‍ഭിണിയായ ഭാഗ്യ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭര്‍ത്താവും ഭാഗ്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടനകത്തെ മുറിയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News