ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ യുക്രൈനിലെ സുമി നഗരത്തില്‍നിന്ന് വിദ്യാര്‍ഥികളുടെ മുറവിളികളുടെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അവരുമായി ബന്ധപ്പെട്ടു.
ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ട്വിറ്റര്‍ സന്ദേശങ്ങളില്‍ അധികൃതര്‍ പറഞ്ഞു. റെഡ്ക്രോസ് അടക്കമുള്ള എല്ലാ ഏജന്‍സികളുമായും സുരക്ഷിതമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സുരക്ഷിതമായി ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി നിര്‍ദേശിച്ചു.
വിദ്യാര്‍ഥികളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായും അവരുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നുവെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പത്രസമ്മേളനത്തില്‍ പ്രതികരിച്ചു. അവരെ രക്ഷിക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോള്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സുമിയില്‍ ഷെല്ലാക്രമണം തുടരുകയാണ്. ഗതാഗതസൗകര്യമില്ല. പ്രാദേശിക വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയാല്‍മാത്രമേ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കഴിയൂ. അതിനായി റഷ്യക്കും യുക്രൈനുംമേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുകയാണ്. ഉടന്‍ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
സുമിയിലെ വിദ്യാര്‍ഥികള്‍ ബങ്കറുകളിലേക്ക് തിരിച്ചുപോയെന്നാണ് വിവരം. അവിടെ വൈദ്യുതിബന്ധം തിരിച്ചുവന്നു. വെള്ളലഭ്യതയില്‍ കുറച്ച് പ്രശ്നങ്ങളുണ്ട്. സുമിയില്‍നിന്ന് റഷ്യന്‍ അതിര്‍ത്തി 60 കിലോമീറ്റര്‍ ദൂരെയാണ്. അവിടേക്കുള്ള യാത്ര എളുപ്പമല്ല. സുരക്ഷിതപാത ഒരുങ്ങിയാല്‍മാത്രമേ ഒഴിപ്പിക്കല്‍ നടക്കൂവെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.
പത്തുദിവസം പിന്നിട്ട രൂക്ഷമായ യുക്രൈന് ആക്രമണം താത്കാലികമായി നിര്‍ത്താനുള്ള ധാരണയും റഷ്യ ലംഘിച്ചതായി യുക്രൈന് ആരോപിച്ചു. പോരാട്ടംകടുത്ത മേഖലകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഏഴു മണിക്കൂര്‍ വെടിനിര്‍ത്തലിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറായത്.
ശനിയാഴ്ച 11 മുതല്‍ നാലുവരെ ആക്രമണം നിര്‍ത്താനായിരുന്നു ധാരണ. എന്നാല്‍, നാലുമണിവരെ കാത്തുനില്‍ക്കാതെ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ റഷ്യ ഷെല്ലാക്രമണം പുനരാരംഭിച്ചു. തുടര്‍ന്ന് തുറമുഖനഗരമായ മരിയുപോലില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കല്‍ അവസാനിപ്പിച്ചതായി യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കിയുടെ ഓഫീസ് അറിയിച്ചു.
കടുത്ത ഷെല്ലാക്രമണം നടക്കുന്നതിനാല്‍ മരിയുപോല്‍, വൊല്നോവക നഗരങ്ങളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ ഒഴിപ്പിക്കാനും മരുന്നും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാനായി പ്രത്യേക ഇടനാഴി ഒരുക്കാനായിരുന്നു വെടിനിര്‍ത്തല്‍ ധാരണ. വ്യാഴാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍നടന്ന രണ്ടാംഘട്ട ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കരാര്‍ പാലിക്കാനായി തങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും സെലെന്‍സ്കി അറിയിച്ചു.
രാജ്യത്തിനു മുകളിലൂടെ വിമാനങ്ങള്‍ പറക്കരുതെന്ന യുക്രൈന്റെ ആവശ്യം ഒരിക്കല്‍ക്കൂടി നാറ്റോ തള്ളി. നാറ്റോ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബ്രസല്സില്ച്ചേര്ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. അത്തരമൊരു നടപടി റഷ്യയും യൂറോപ്പും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്റ്റന്ബെര്ഗ് പറഞ്ഞു.
നാറ്റോ തീരുമാനം യുക്രൈനിലെ ജനങ്ങളെ കൊന്നൊടുക്കാന്‍ റഷ്യയ്ക്കുള്ള അനുമതിയാണെന്ന് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി കുറ്റപ്പെടുത്തി. യുക്രൈനില്‍ ഇനിയുള്ള മരണങ്ങള്‍ക്ക് നാറ്റോ ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനുമേല്‍ വിമാനം പറത്തില്ല എന്ന തീരുമാനം ഏതു രാജ്യം സ്വീകരിച്ചാലും അവര്‍ യുദ്ധത്തില്‍ പങ്കുചേരുന്നതായി കരുതുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് ഭീഷണിമുഴക്കി.മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ പറക്കാതിരുന്നാല്‍ ആക്രമണത്തിനെത്തുന്ന റഷ്യന്‍ വിമാനങ്ങള്‍ തിരിച്ചറിയാനും പ്രത്യാക്രമണത്തിനും എളുപ്പമാവുമെന്നതിനാലാണ് യുക്രൈന്റെ ആവശ്യം.
ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’. വാഴ്സ നഗരത്തില്‍ ബസ് സ്റ്റോപ്പുകളിലും കടകളുടെ വാതില്‍ച്ചില്ലുകളിലുമൊക്കെ ഇങ്ങനെയൊരു വാചകം എഴുതിവച്ചിട്ടുണ്ട്. യുക്രെയ്ന്‍കാരായ അഭയാര്‍ഥികളെ പോളണ്ട് ഹൃദയം തുറന്നാണു സ്വീകരിക്കുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുമാണ് എത്തുന്നവരിലേറെയും.
വാഴ്സയില്‍ പലയിടത്തും കെട്ടിടങ്ങള്‍ക്കു മുകളില്‍ പോളണ്ടിന്റെ പതാകയ്ക്കൊപ്പം യുക്രെയ്നിന്റെ പതാകയുമുണ്ട്. ചരിത്രപരമായ സൗഹൃദമാണ് അതിന് ഒരു കാരണം. ഇരുരാജ്യങ്ങളും അനുഭവിച്ച ദുരിതങ്ങള്‍ സമാനമാണ്. പോളണ്ടില്‍ നിര്‍മാണമേഖലയിലും ശുചീകരണരംഗത്തും ധാരാളം യുക്രെയ്ന്‍കാര്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ പിന്തുണയോടെ അഭയാര്‍ഥികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ് പോളണ്ടുകാര്‍.
യുക്രെയ്നില്‍നിന്ന് അഭയാര്‍ഥികളായി 40 ലക്ഷം പേരെങ്കിലും അയല്‍രാജ്യങ്ങളില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നത് പോളണ്ടാണ്. 10 ലക്ഷം പേര്‍ക്കെങ്കിലും സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഹംഗറി, സ്ലോവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വന്‍തോതില്‍ അഭയാര്‍ഥികള്‍ നീങ്ങുന്നു.
യുക്രെയ്ന് കടന്നെത്തുന്ന അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തിക്കു സമീപംതന്നെ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഭക്ഷണവും വസ്ത്രവും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമൊക്കെ ക്യാംപുകളില്‍ വേണ്ടത്രയുണ്ട്.
ഇന്നലെ 3 ഡിഗ്രി സെല്‍ഷ്യസായിരുന്നു പകല്‍ താപനില. അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ വാഴ്സ പോലുള്ള നഗരങ്ങളിലെ ഹോസ്റ്റലുകള്‍ മിക്കതും സര്‍ക്കാര്‍ ബുക്ക് ചെയ്തിരിക്കുകയാണ്. യുക്രെയ്ന് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ല. എന്നാല്‍, ആ രാജ്യത്തുനിന്നുള്ളവര്‍ക്ക് വീസയില്ലാതെ ഏത് യൂറോപ്യന്‍ യൂണിയന് രാജ്യത്തും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
യുക്രെയ്നില്‍ സ്ഥിരമായി താമസിക്കാന്‍ വീസ ഉണ്ടായിരുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 3 വര്‍ഷത്തേക്കാണ് ഈ സൗകര്യം. കാര്യങ്ങള്‍ സാധാരണഗതിയിലേക്കു നീങ്ങാനുള്ള സമയപരിധിയെക്കുറിച്ച് ഇയുവിനുള്ള വിലയിരുത്തല്കൂടിയാവാം അതു സൂചിപ്പിക്കുന്നത്.