കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്‌ഥാപനങ്ങളിലെ 16 ഫാർമസി/ഹെൽത്ത് ഇൻസ്‌പെക്ടർ/പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്കു ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. 2021-22 വർഷത്തെ പ്രവേശനമാണിത്. എൻട്രൻസ് ടെസ്റ്റില്ല. യോഗ്യതാപരീക്ഷയിൽ നിർദിഷ്ട പേപ്പറുകളിൽ നേടിയ മാർക്ക് നോക്കിയാണ് റാങ്കിങ്ങും പ്രവേശനവും.
വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്കു പൊതുവായ ഒറ്റ അപേക്ഷ മതി. ജനറൽ അപേക്ഷകരും സർവീസ് ക്വോട്ടക്കാരും 400 രൂപ അപേക്ഷാഫീ നൽകണം; പട്ടികവിഭാഗക്കാർ: 200. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കാം. ചലാൻ ഉപയോഗിച്ച് ബാങ്കിലും പണമടയ്ക്കാം. സർവീസ് ക്വോട്ടക്കാർ ട്രഷറിയിൽ ഫീസ് അടയ്ക്കുന്നതടക്കമുള്ള വിശേഷ നിബന്ധനകൾ പാലിക്കണം.
ഫാർമസി കോഴ്സ് രണ്ടേകാൽ വർഷവും ഓപ്പറേഷൻ തിയറ്റർ & അനസ്‌തീസിയ ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി എന്നിവ രണ്ടര വർഷവും റേഡിയോ ഡയഗ്‌നോസിസ് & റേഡിയോ തെറപ്പി ടെക്നോളജി കോഴ്സ് മൂന്നു വർഷവുമാണ്. മറ്റുള്ളവ രണ്ടു വർഷം.
യോഗ്യത: ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായി പ്ലസ് ടു ജയിച്ചവർക്കാണ് പ്രവേശനം. ഫാർമസി കോഴ്സിന് ബയോളജിക്കു പകരം മാത്‌സ് ആയാലും മതി. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ചവരില്ലെങ്കിൽ, മറ്റു വിഷയക്കാരെയും പരിഗണിക്കും. ഐച്ഛികവിഷയങ്ങൾക്ക് 40% മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 35%. ഫാർമസി കോഴ്സിന് മിനിമം മാർക്കില്ല. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിനൊഴികെ വിഎച്ച്എസ്ഇക്കാർക്കും അവസരമുണ്ട്.
സർവീസ് ക്വോട്ടക്കാരൊഴികെ എല്ലാവർക്കും 2021 ഡിസംബർ 31നു 17 വയസ്സു തികയണം; 35 കവിയരുത്. ആർക്കും വയസ്സിളവില്ല. പക്ഷേ ഡിഫാം മാനേജ്മെന്റ് ക്വോട്ടയ്ക്കു മാത്രം ഉയർന്ന പ്രായപരിധിയില്ല. പ്രഫഷനൽ കോഴ്‌സുകൾക്കുള്ള കേരളസർക്കാരിന്റെ സംവരണ വ്യവസ്ഥകൾ പാലിക്കും. സ്ഥാപനങ്ങളും സീറ്റുകളുമടങ്ങിയ ലിസ്റ്റ് ഒന്നാം അനുബന്ധത്തിലുണ്ട്. ഇത്തവണത്തെ സീറ്റ് വിവരങ്ങളും ഫീസ് നിരക്കുകളും അലോട്മെന്റിനു മുൻപു പ്രസിദ്ധപ്പെടുത്തും. സിലക്‌ഷന്റെ ചുമതല വഹിക്കുന്നത് LBS Centre for Science & Technology, Palayam, Thiruvananthapuram-695 033; 0471-2560364.