കൊച്ചി:റോയി വയലാറ്റിനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത സംഭവത്തിലെ ഇരയെ കൊച്ചിയിലെത്തിച്ചത് സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കലെന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.
ഇവര്‍ കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുകയാണ്. ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ അഞ്ജലി കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.
സൈജുവിന്റെ ആഡംബര കാറിലാണ് രാത്രി നമ്ബര്‍ 18 ഹോട്ടലില്‍ എത്തിച്ചതെന്നും കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളില്‍ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ഇതില്‍ പലരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും ഇവര്‍ വ്യക്തമാക്കി.
നമ്ബര്‍ 18 ഹോട്ടലില്‍ എത്തി കഴിക്കാന്‍ മദ്യം നല്‍കിയപ്പോള്‍ കൂട്ടാക്കിയില്ലെന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ തടഞ്ഞു മുകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയെന്നും ഇവര്‍ പറഞ്ഞു. അവിടെയുണ്ടായിരുന്നവരോടു റോയി ലൈംഗികമായി പെരുമാറുന്നതാണ് കണ്ടത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു. അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്ബാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. തലനാരിഴയ്ക്കാണ് നമ്ബര്‍ 18 ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതെന്നും നിരവധി പെണ്‍കുട്ടികളെ അഞ്ജലി ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
അഞ്ജലിക്കൊപ്പം ജോലി ചെയ്യുമ്ബോള്‍ ഇവര്‍ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്നാണ് പറഞ്ഞത്. അമ്മ മരിച്ചത് ബിപി കുറഞ്ഞാണ്, തനിക്കും ബിപി കുറവാണ് എന്നാണ് പറഞ്ഞിരുന്നത്. പരാതിയുമായി ചെന്നപ്പോള്‍ എക്‌സൈസുകാര്‍ കാണിച്ചു തന്നപ്പോഴാണ് ഇതെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നത്.
മോഡലുകള്‍ മരിച്ച സംഭവത്തിനു പിന്നാലെ അഞ്ജലി ഒളിവില്‍ പോകുകയായിരുന്നു. സൈജു കേസില്‍ പെട്ട് ഒളിവില്‍ താമസിക്കാന്‍ ഇവരുടെ സഹായം തേടിയിരുന്നു. ഇവരുടെ വലയിലായ പെണ്‍കുട്ടികള്‍ പലരും വീട്ടില്‍ പോലും പോകാന്‍ തയാറാകാതെ ലഹരിക്ക് അടിമയായി കഴിയുന്നുണ്ട്. ഇതു മനസിലായതോടെയാണ് പരാതിയുമായി മുന്നോട്ടു വന്നത്. പ്രതികളുടെ ഭാഗത്തു നിന്നു കടുത്ത ഭീഷണിയാണുള്ളത്. പരാതിക്കാരി പറയുന്നു.