കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തെ വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന നിഗമനത്തില്‍ പോലീസ്. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണു (60) തിങ്കളാഴ്ച തലയ്ക്കടിയേറ്റു മരിച്ചത്, ഭര്‍ത്താവ് അബ്ദുള്‍ സാലി (65) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകം നടന്ന വീട്ടിനുള്ളിലെ ലക്ഷണങ്ങളും ആര്‍ക്കും സംശയത്തിനിട നല്‍കാതെ പട്ടാപ്പകല്‍ പ്രതി രക്ഷപ്പെട്ടരീതിയുമാണു നിഗമനത്തിലെത്തിച്ചേരാന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിക്കുന്നത്.
വീട്ടില്‍നിന്നു നഷ്ടമായ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും.ദമ്പതികളുടെ കാണാതായ ഫോണില്‍ ഒരെണ്ണത്തിന്റെ ലൊക്കേഷന്‍ ഇല്ലിക്കലിനു സമീപത്തുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഫോണ്‍ സംഭവദിവസം ഉച്ചകഴിഞ്ഞു മൂന്നുവരെ പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി. ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കാണാതായി.മറ്റു സാമ്പത്തിക ഇടപാടുകളെന്തെങ്കിലും കൊലയ്ക്കു ഹേതുവായോ എന്നും അന്വേഷിക്കുന്നുണ്ട്.ഷീബയുടെ തലയ്ക്കു മാരകക്ഷതമേറ്റെന്നാണു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
തലയോടു പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായാണു ഷീബയുടെ മരണം. സാലിയുടെ തലയ്ക്കും സമാന രീതിയിലുള്ള അടിയേറ്റിട്ടുണ്ട്. മൂക്കിന്റെ പാലം ഒടിഞ്ഞു, തലയോടിനു പൊട്ടലുണ്ട്. തിങ്കളാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയില്‍ കൊലപാതകം നടന്നെന്നാണു പോലീസ് കരുതുന്നത്. സാലിയുടെ കാര്‍ സംഭവശേഷം മോഷണം പോയിരുന്നു.
ഈ കാര്‍ താഴത്തങ്ങാടിയിലെ പ്രധാന റോഡിലേയ്ക്കു കയറുന്ന സിസി.ടി.വി കാമറാ ദൃശ്യം സമീപത്തെ വീട്ടില്‍നിന്നു പോലീസിനു ലഭിച്ചു. കാര്‍ കുമരകംവഴി വൈക്കം ഭാഗത്ത് എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.ഷീബയുടെ സംസ്‌കാരം ഇന്നലെ ഉച്ചകഴിഞ്ഞു കോട്ടയം താജ് ജുമാ മസ്ജിദില്‍ നടത്തി. വിമാന ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്കു മകളും മരുമകനും നാട്ടിലെത്തുമെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഏതെങ്കിലും മാര്‍ഗത്തിലൂടെ ഇരുവരെയും വകവരുത്തണമെന്നുതന്നെ കൊലയാളി നിശ്ചയിച്ചുറപ്പിച്ചതായാണ് കൊലനടത്തിയ രീതിയില്‍ നിന്നും വെളിവാകുന്നത്.തലയ്ക്കടിച്ച് കൊന്നശേഷം മരണം ഉറപ്പുവരുത്താന്‍ ശരീരത്തില്‍ ഇരുമ്പുകമ്പി കെട്ടി ഷോക്കടിപ്പിച്ചു. തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ തുറന്നു.കൊലയ്ക്കുശേഷം ഉടന്‍ തന്നെ ആരെങ്കിലും വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചാല്‍ പോലും വീട്ടിനുള്ളില്‍ പൊട്ടിത്തെറി ഉണ്ടായേനെ.വീടു പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അടുക്കളവാതിലും അടച്ചനിലയിലയില്‍.
സാലിയുടെയും ഭാര്യയുടെയും രണ്ടു ഫോണുകളും സ്ഥലത്തുനിന്ന് നഷ്ടമായതായി പോലീസ് അറിയിച്ചു.തെളിവിന് സഹായമായ എന്തെങ്കിലും ഫോണിലേക്ക് എത്തിയിരുന്നുവെങ്കില്‍ ഇല്ലാതാക്കുകയായിരുന്നു കൊലയാളിയുടെ ലക്ഷ്യം.ഒരു ഫോണ്‍ താഴത്തങ്ങാടിയുടെ സമീപമുള്ള ഇല്ലിക്കല്‍ ടവറിനുകീഴില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഷീബയുടെ ഫോണ്‍ വൈക്കത്തെ ടവര്‍ താണ്ടിയിട്ടുണ്ട്.വീട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ വൈക്കം വരെയെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.വിവിധ ടവറുകള്‍ക്ക് കീഴില്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായുള്ള ആയിരത്തിലധികം കോളുകള്‍ പോലീസ് പരിശോധിച്ചുകഴിഞ്ഞു.
പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ
കുടുംബത്തിന് മുന്‍പരിചയമുള്ള കൊലയാളി വീട്ടിലെത്തി കോളിംഗ് ബെല്‍ അടിയ്ക്കുന്നു.ഷീബ ജനാലയില്‍കൂടി നോക്കിയശേഷം വാതില്‍ തുറക്കുന്നു.ഹാളില്‍ സാലിയുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ വെള്ളമെടുക്കാനായി ഷീബ അകത്തേക്ക് പോകുന്നു. തിരികെയെത്തുമ്പോള്‍ അടിയേറ്റ് സാലി .താഴെ ഉടന്‍ തന്നെ ഷീബയ്ക്കുനേരെയും ആക്രമണം.മുന്‍വശത്തുനിന്നാണ് അടിയേറ്റിരിയ്ക്കുന്നത്.ഭാരമുള്ള മൂര്‍ച്ച കുറഞ്ഞ ആയുധമാണ് ഉപോയോഗിച്ചിരിയ്ക്കുന്നത്. അടിയില്‍ രണ്ടുപേരുടെയും തലച്ചോറിന് വലിയ ക്ഷതങ്ങളാണ് ഏറ്റിരിയ്ക്കുന്നത്.ആയുധത്തിന്റെ ഒരു വശം സീലിംഗ് ഫാനില്‍ കൊണ്ടതിനാല്‍ ലീഫ് വളഞ്ഞ നിലയിലാണ്. വെള്ളം കൊണ്ടുവന്ന ഗ്ലാസ് തറയില്‍ പൊട്ടിക്കിടക്കുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.കൃത്യം നടത്തിയശേഷം കതകുപൂട്ടിതാക്കേലുമായി കടന്നു കളഞ്ഞു.വാഹനത്തില്‍ പോകുന്നത് പിടിയ്ക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെങ്കിലും ആഭരണങ്ങള്‍ക്കൊപ്പം വാഹനവും കൊണ്ടുപോയത് കവര്‍ച്ചയെന്ന്് വിശ്വസിപ്പിയ്ക്കാനാണോയെന്നു പോലീസിന് സംശയമുണ്ട്.